''എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കൊപ്പം നിന്നു, സമര പോര്‍മുഖം തുറന്നു''- എം.ടിയുടെ ഓര്‍മകളില്‍ അംബികാസുതന്‍ മാങ്ങാട്
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ എം.ടിയുടെ കോഴിക്കോട്ടെ വീട്ടിലെത്തിയ എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ വിശദമായി ബോധിപ്പിച്ചു.
കാഞ്ഞങ്ങാട്: കഥയുടെ കുലപതിയുടെ പാദസ്പര്‍ശമേല്‍ക്കാന്‍ കാഞ്ഞങ്ങാടിന്റെ മണ്‍തരികള്‍ക്കും ഭാഗ്യമുണ്ടായിരുന്നു. മൂന്ന് വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കാനാണ് വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ എം.ടി വാസുദേവന്‍ നായര്‍ കാഞ്ഞങ്ങാട്ടെത്തിയത്. ഇക്കൂട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പി അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പടപൊരുതാനുള്ള ആദ്യ യോഗത്തിന്റെ ഉദ്ഘാടകനാകാനും എത്തിയിരുന്നു. ഇതോടെ 2003ല്‍ മാന്തോപ്പ് മൈതാനിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പോര്‍മുഖം തുറക്കാന്‍ എം.ടി നിമിത്തമായി. എം.ടി വാസുദേവന്‍ നായര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ എത്തിയതിന് പിന്നില്‍ അവരുടെ ദുരിത കഥ വിവരിച്ച എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാടിന്റെ പ്രയത്നമുണ്ട്. കഥയുടെ ഭീഷ്മാചാര്യന് കാഞ്ഞങ്ങാട്ട് ആതിഥ്യമരുളാന്‍ മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ഡോ. അംബികാസുതന്‍ മാങ്ങാടിന് നിയോഗമുണ്ടായി. ദുരിതബാധിതരുടെ കൂട്ടായ്മ ഒരുക്കുന്നതിന് തീരുമാനിച്ചതിന് പിന്നാലെ എം.ടിയുടെ കോഴിക്കോട്ടെ വീട്ടിലെത്തിയ അംബികാസുതന്‍ ഇവരുടെ പ്രശ്നങ്ങള്‍ വിശദമായി ബോധിപ്പിച്ചു. ദുരിതത്തിന്റെ ആഴം കേട്ടറിഞ്ഞ എം.ടി എന്ത് പ്രതിസന്ധി ഉണ്ടെങ്കിലും ചടങ്ങിലെത്തുമെന്ന് അറിയിച്ചതോടെ ആ സമരത്തിന്റെ തുടക്കം ഗംഭീരമായതായി അംബികാസുതന്‍ മാങ്ങാട് ഓര്‍ക്കുന്നു. നെഹ്റു കോളേജ് സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ തകഴി ജന്മശതാബ്ദി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാനും മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എത്തിയിരുന്നു. എം.ടിയുടെ 2011ലെ ഈ സന്ദര്‍ശനത്തിന് പിന്നിലും അദ്ദേഹവുമായുള്ള അംബികാസുതന്റെ വ്യക്തി ബന്ധം നിമിത്തമായി. ഈ രണ്ടു ചടങ്ങുകളിലും പങ്കെടുക്കാനെത്തിയ എം.ടി മണിക്കൂറുകളോളം വിശ്രമിച്ചതും ഭക്ഷണം കഴിച്ചതും എല്ലാം തന്റെ വീട്ടിലാണെന്നത് താന്‍ ഭാഗ്യമായി കരുതുന്നതായി അംബികാസുതന്‍ പറഞ്ഞു. എം.ടിയുടെ ഭൗതിക ശരീരം കണ്ട് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് എം.ടിയുമായുള്ള ആഴത്തിലുള്ള ബന്ധം അദ്ദേഹം വിവരിച്ചത്. വാസുവേട്ടന്‍ എന്ന് എം. ടിയെ വിളിക്കുന്നത് ഈ ആഴവും പരപ്പും സൂചിപ്പിക്കുന്നു. എം.ടി പങ്കെടുത്ത മറ്റൊരു വ്യത്യസ്ത പരിപാടി മാതൃഭൂമിയുടെ ആദ്യകാല ലേഖകനായിരുന്ന ടി.കെ.കെ നായരുടെ ഷഷ്ടിപൂര്‍ത്തി ആഘോഷമാണ്. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മയാണ് ഈ പരിപാടി ഒരുക്കിയത്. ചടങ്ങ് ഉദ്ഘാടനം ചെയ്ത എം.ടി വാസുദേവന്‍ നായര്‍ ടി.കെ.കെ നായര്‍ക്ക് സംഘാടകസമിതിയുടെ ഉപഹാരമായ പയ്യന്നൂര്‍ പവിത്രം മോതിരവും നല്‍കിയിരുന്നു. അന്ന് വന്‍ ജനക്കൂട്ടമാണ് എം.ടിയെ കേള്‍ക്കാനെത്തിയത്.