കാസര്‍കോടിനും പ്രീയപ്പെട്ടവന്‍.. അവസാനമായി വന്നത് 2011ല്‍

കാസര്‍കോട്: കെ.എം അഹ്‌മദ് മാഷിന്റെ വിളി കേള്‍ക്കുമ്പോഴൊക്കെ എം.ടി വാസുദേവന്‍ നായര്‍ കാസര്‍കോട്ട് എത്തുമായിരുന്നു. അഹ്‌മദ് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവനുമായിരുന്നു. കാസര്‍കോട് നടന്ന പല സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്കും എം.ടി എത്താറുണ്ടായിരുന്നു, സംസാരിക്കാറുണ്ടായിരുന്നു. എം.ടി എത്തുമ്പോഴൊക്കെ സ്വീകരിക്കാനും വിശ്രമിക്കാനുമൊക്കെ സൗകര്യം ഒരുക്കാന്‍ എപ്പോഴും മുന്നിലുണ്ടായിരുന്നത് അഹ്‌മദ് മാഷാണ്. മാഷിന്റെ കാലശേഷം ഒരുതവണ മാത്രമെ എം.ടി വാസുദേവന്‍ നായര്‍ കാസര്‍കോട്ട് വന്നിട്ടുള്ളൂ. 2011ലാണത്. അന്ന് കാസര്‍കോട്ട് നടന്ന, പ്രവാസി ദോഹ പ്രവാസി ട്രസ്റ്റിന്റെ 17-ാമത് ബഷീര്‍ പുരസ്‌കാരം എന്‍ഡോസള്‍ഫാന്‍ സമരനായിക ലീലാകുമാരി അമ്മയ്ക്ക് സമ്മാനിക്കാനാണ് എം.ടി വന്നത്. 2011 ഒക്ടോബര്‍ 17നായിരുന്നു അത്. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളെ കുറിച്ച് എം.ടി ഏറെ വാചാലനായി. 'എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ അവകാശമുണ്ടെന്ന് ബോധ്യപ്പെടുത്തിയത് വൈക്കം മുഹമ്മദ് ബഷീറാണ്. ശരീരത്തില്‍ നിന്ന് ചോര കുടിക്കുകയായിരുന്ന അട്ടയെ കൊല്ലാതെ, അതിനും ഒരു കുടുംബം ഉണ്ടെന്ന് പറഞ്ഞ് വിട്ടയക്കുന്ന കഥാപാത്രങ്ങളെയാണ് ബഷീര്‍ സൃഷ്ടിച്ചത്. എന്നാല്‍ ഇന്നത്തെ മനുഷ്യന് ഇതൊന്നും തന്റെ പ്രശ്നമല്ലായെന്ന സാമാന്യ ബോധമാണുള്ളത്...'-എം.ടി പറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍, ഖദീജ മുംതാസ്, അനീസ് ബഷീര്‍ അടക്കമുള്ളവര്‍ പരിപാടിക്കുണ്ടായിരുന്നു. അന്ന് കാസര്‍കോടിനോട് എം.ടി ഏറെനേരം സംസാരിക്കുകയും ചെയ്തു. അന്ന് രാത്രി കാസര്‍കോട്ടെ ഹൈവെ കാസിലില്‍ താമസിച്ച എം.ടി പിറ്റേന്ന് കാഞ്ഞങ്ങാട്ടും ചില പരിപാടികളില്‍ സംബന്ധിച്ച ശേഷം ഉച്ചയ്ക്ക് കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു.

Related Articles
Next Story
Share it