അച്ചടിയെ വെല്ലുന്ന തരത്തില്‍ ബദറുന്നിസ തയ്യാറാക്കിയ വിശുദ്ധ ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതി തെരുവത്ത് മെമോയിര്‍സിന് കൈമാറി

കാസര്‍കോട്: അച്ചടിയെ വെല്ലുന്ന തരത്തില്‍ മുഗുവിലെ ബദറുന്നിസ അബ്ദുല്ല കാലിഗ്രാഫി പേന കൊണ്ട് അതിമനോഹരമായി എഴുതി പൂര്‍ത്തിയാക്കിയ വിശുദ്ധ ഖുര്‍ആന്റെ കയ്യെഴുത്ത് പ്രതി വിദ്യാനഗറിലെ തെരുവത്ത് മെമോയിര്‍സിന് കൈമാറി. ഏതാണ്ട് ഒരു വര്‍ഷമെടുത്ത് ബദറുന്നിസ എഴുതി പൂര്‍ത്തിയാക്കിയ ഈ ഖുര്‍ആന്‍ പ്രതി എല്ലാവര്‍ക്കും കാണാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാനഗറില്‍ കലക്ടറേറ്റിന് സമീപം, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം അതോറിറ്റി ഡയറക്ടര്‍ ഖാദര്‍ തെരുവത്ത് തന്റെ വസതിയോട് ചേര്‍ന്ന് നിര്‍മ്മിച്ച തെരുവത്ത് മെമോയിര്‍സിലേക്ക് കൈമാറിയത്. 114 സൂറത്തുകളും മനോഹരമായ കൈപ്പടയില്‍ എഴുതിയ ബദറുന്നിസ അച്ചടിയെ വെല്ലുന്ന തരത്തിലുള്ള കവര്‍ പേജും തയ്യാറാക്കിയിരുന്നു. നേരത്തെ ഒരു ചിത്രം പോലും വരച്ചിട്ടില്ലാത്ത ബദറുന്നിസയുടെ മനോഹരമായ കയ്യെഴുത്ത് പ്രതി വലിയ പ്രശംസ നേടുകയുണ്ടായി. താനെഴുതിയ ഖുര്‍ആന്‍ പ്രതി സൂക്ഷിക്കാന്‍ ഏറ്റവും സുരക്ഷിതമായ ഇടവും നിരവധി പേര്‍ സന്ദര്‍ശിക്കുന്ന സ്ഥാപനവുമെന്ന നിലയില്‍ തെരുവത്ത് മെമോയിര്‍സിന് കൈമാറുന്നതാണ് ഉചിതമെന്ന് മനസിലാക്കിയാണ് അവിടേക്ക് നല്‍കിയതെന്ന് ബദറുന്നിസ പറഞ്ഞു. ഖാദര്‍ തെരുവത്തിന്റെ സാന്നിധ്യത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഏറ്റുവാങ്ങി. അടുത്തിടെ പദ്മശ്രീ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്ത തെരുവത്ത് മെമോയിര്‍സ് ഇതിനകം പ്രമുഖരടക്കം നിരവധി പേര്‍ സന്ദര്‍ശിച്ച് കഴിഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it