അമ്മയെ തലയില്‍ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
അക്രമം മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ പണം കൊടുക്കാത്ത വിരോധത്തില്‍

കാസര്‍കോട്: മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ പണം നല്‍കാത്ത വിരോധത്തില്‍ അമ്മയെ തലയില്‍ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റില്‍. മായിപ്പാടിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന ദേവീപ്രസാദ് (35) ആണ് അറസ്റ്റിലായത്. അമ്മ വിശാലാക്ഷിയെ (59)യാണ് കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ദേവീപ്രസാദിനെതിരെ നരഹത്യാ ശ്രമത്തിനാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ദേവീപ്രസാദ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യുന്നതിനായി അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നുവത്രെ. പണം നല്‍കാന്‍ വിശാലാക്ഷി തയ്യാറാവാത്തതിനെ തുടര്‍ന്ന് ദേവീപ്രസാദ് വീടിന് പുറത്തുനിന്ന് കല്ലുമായെത്തി തലയിലിടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഒഴിഞ്ഞുമാറിയതിനാലാണ് വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കണ്ണില്‍ പരിക്കേറ്റ വിശാലാക്ഷി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സതേടി.