ഒരുക്കങ്ങളായി; ഏഷ്യയിലെ ഏറ്റവും വലിയ ഐ.ഇ.ഡി.സി സമ്മിറ്റ് 22ന് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍

നൂറോളം സ്റ്റാര്‍ട്ടപ്പുകളുടെ സി.ഇ.ഒമാരെത്തും, സംരംഭകനായി നടന്‍ നിവിന്‍ പോളിയും

കാസര്‍കോട്: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ യുവ സംരംഭകത്വ സംഗമങ്ങളിലൊന്നായ ഐ.ഇ.ഡി.സി സമ്മിറ്റിന് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ഒരുക്കങ്ങളായി. 22ന് നടക്കുന്ന സമ്മിറ്റില്‍ കേരളത്തിലുടനീളമുള്ള കോളേജുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ എത്തും. ഉത്തരകേരളം ഇതിന് ആതിഥ്യം വഹിക്കുന്നത് ആദ്യമാണ്. സിനിമാ നടന്‍ നിവിന്‍ പോളി സംരംഭകന്റെ വേഷത്തില്‍ എത്തുന്നതും സമ്മിറ്റിന്റെ പ്രത്യേകതയാണ്. ഇന്റര്‍വെല്‍ കമ്പനിയുടെ സഹസ്ഥാപകനായിരുന്ന റമീസ് അലിയുമായി ചേര്‍ന്ന് ക്രേവ് എന്ന പുതിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് നിവിന്‍ പോളി ആരംഭിച്ചത്. ഐ.ഇ.ഡി.സി സമ്മിറ്റിന്റെ ഭാഗമായി നടത്തുന്ന ഫിയര്‍ഫോഗ് ഹൊറര്‍ വീഡിയോ ഗെയിം നിര്‍മ്മാണ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് ആശയങ്ങള്‍ അവതരിപ്പിക്കാനും തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് മൂന്നുമാസത്തെ മെന്റര്‍ഷിപ്പ് ലഭിക്കാനും സമ്മിറ്റില്‍ അവസരമുണ്ട്. എം സിഗ്മ ഗോകുലം ഐ.എ.എസ് ഗ്രൂപ്പാണ് 'ടെന്‍ സൂപ്പര്‍ ഗേള്‍സ്' എന്ന പരിശീലന പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നത്. എ.ഐ ഹാക്കത്തണ്‍, ടൂറിസം ഐഡിയതോണ്‍ മത്സരങ്ങളും വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങളുമുണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് ആശയങ്ങള്‍ അവതരിപ്പിക്കാനും അവരെ സംരംഭകത്വത്തിലേക്ക് നയിക്കാനുമുള്ള മത്സരമാണ് 'വണ്‍ ടാങ്ക്'. തിരഞ്ഞെടുക്കപ്പെടുന്ന ടീമിന് ദുബായില്‍ 5 ലക്ഷം രൂപ ട്യൂഷന്‍ ഫീസ് വരുന്ന സംരംഭകത്വ പരിശീലനവും അരലക്ഷം രൂപ സമ്മാനവും ലഭിക്കും. ഐ.ഇ.ഡി.സി സമ്മിറ്റിന് മാത്രമായി പ്രത്യേക ട്രെയിന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ വടക്കേയറ്റത്തുള്ള ജില്ലയിലെ സംഗമത്തിലേക്ക് തിരുവനന്തപുരം മുതലുള്ള പ്രതിനിധികള്‍ക്ക് സഞ്ചരിക്കാനുള്ള ട്രെയിന്‍ 21ന് ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. കേരളത്തിലെ ആര്‍ട്‌സ് ആന്റ് സയന്‍സ്, എഞ്ചിനീയറിംഗ്-ടെക്‌നോളജി, മെഡിക്കല്‍, മാനേജ്‌മെന്റ്-ബിസിനസ് സ്റ്റഡീസ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 550ലധികം ഐ.ഇ.ഡി.സി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് സമ്മിറ്റിന് എത്തുക. നൂറോളം സ്റ്റാര്‍ട്ടപ്പ് കമ്പനി സി.ഇ.ഒമാരും വിവിധ മേഖലകളില്‍ നിന്നായി ഇരുനൂറോളം പ്രഭാഷകരും പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. അന്‍പതോളം സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ സാന്നിധ്യവുമുണ്ടാകും. കാസര്‍കോട് ഡി.ഐ.സിയുടെ നേതൃത്വത്തില്‍ തത്സമയ കരകൗശല നിര്‍മ്മാണ സ്റ്റാളുകളും ഒരുക്കും. ടി.ഐ.ഐ.ബി, ക്യാമ്പസ് ഫണ്ട്, വണ്ടര്‍പ്രണര്‍ എന്നിവര്‍ പ്രധാന പാര്‍ട്ണര്‍മാരാണ്. സമ്മിറ്റിന് മുന്നോടിയായി 21ന് കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഐ.ഇ.ഡി.സി നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേരും.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it