ചാള്‍സ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട്ടുകാരി; അഡ്വ. പി. അഹ്മദിന്റെ മകന്‍ ഡോ. ശംസുദ്ദീന്റെ പുത്രി മുന ശംസുദ്ദീനാണ് ഈ ഉന്നത പദവിയില്‍
കാസര്‍കോട്: കാസര്‍കോടിന് അഭിമാനിക്കാനും ആനന്ദിക്കാനും ഇനിയെന്തുവേണം. ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട് സ്വദേശിനി നിയമിതയായി. ലോക രാജാവ് എന്ന് വിശേഷിക്കപ്പെടുന്ന ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇപ്പോഴത്തെ രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായിരിക്കുകയാണ് കാസര്‍കോട് തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റ് സ്വദേശിയായ പരേതനായ ഡോ. പി. ശംസുദ്ദീന്റെ മകള്‍ മുന ശംസുദ്ദീന്‍. ബ്രിട്ടീഷ് ഹൈകമ്മീഷണറായി ജറുസലേമിലും പാക്കിസ്ഥാനിലും മികച്ച സേവനം നടത്തിയതിന് പിന്നാലെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചാള്‍സ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി മുന ശംസുദ്ദീന്‍ നിയമിതയായത്. മുനയുടെ സേവന മികവ് അറിഞ്ഞ ചാള്‍സ് രാജാവ് തന്റെ ദൈനംദിന ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുന ശംസുദ്ദീനെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. ചാള്‍സ് രാജാവിനോടൊപ്പം യാത്രകളിലെല്ലാം മുന ഒന്നിച്ചുണ്ടാവും. രാജാവിന്റെ അതാത് ദിവസത്തെ പരിപാടികള്‍ നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും മുന ശംസുദ്ദീന്റെ നേതൃത്വത്തിലാണ്.
കാസര്‍കോട്ടെ പ്രശസ്തനായ അഭിഭാഷകനായിരുന്ന അഡ്വ. പി. അഹ്മദിന്റെ മകനാണ് ഡോ. ശംസുദ്ദീന്‍. ചെമ്മനാട് സ്വദേശിയായ വക്കീല്‍ അഹ്മദും തളങ്കര സ്വദേശിനിയായ ഭാര്യ സൈനബിയും കുടുംബസമേതം തെരുവത്ത് ഹാഷിം സ്ട്രീറ്റിനും ഫോര്‍ട്ട് റോഡിനും ഇടയിലുള്ള വീട്ടിലായിരുന്നു ദീര്‍ഘകാലം താമസിച്ചിരുന്നത്. അഡ്വ. അഹ്മദിന് ആറ് മക്കളാണ്. മൂത്ത മകന്‍ പി. അബ്ദുല്ല നന്നേ ചെറുപ്പത്തില്‍ പഠനകാലത്ത് മദ്രാസില്‍ വെച്ച് അസുഖം മൂലം മരണപ്പെട്ടു. രണ്ടാമത്തെ മകന്‍ എഞ്ചിനീയര്‍ പി. മുഹമ്മദ് എന്ന മുഹമ്മദ് ഹബീബാണ്. ദീര്‍ഘകാലം കുടുംബസമേതം ഡല്‍ഹിയിലായിരുന്നു താമസം.
മുഹമ്മദ് ഹബീബിന്റെ മകളാണ് പോളണ്ടിലെ ഇപ്പോഴത്തെ ഇന്ത്യന്‍ അംബാസിഡര്‍ നഗ്മ ഫരീദ്. നഗ്മ നേരത്തെ ടുണീഷ്യയിലും ഇന്ത്യന്‍ അംബാസിഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഡ്വ. അഹ്മദിന്റെ മൂന്നാമത്തെ മകനാണ് ഡോ. പി. ശംസുദ്ദീന്‍. മെഡിക്കല്‍ ബിരുദം നേടിയ ശേഷം ഏതാനും വര്‍ഷം തളങ്കര മാലിക് ദീനാര്‍ ആസ്പത്രിയിലടക്കം സേവനം അനുഷ്ഠിച്ചു. പിന്നീട് യു.എസ്.എയിലേക്ക് തിരിച്ചു. അവിടെ നിന്ന് ആദ്യം ഇംഗ്ലണ്ടിലും പിന്നീട് സൗദി അറേബ്യയിലും സേവനം അനുഷ്ഠിച്ച ശേഷം വീണ്ടും ഇംഗ്ലണ്ടിലെത്തി. കുടുംബസമേതം ഇംഗ്ലണ്ടിലായിരുന്നു താമസം. ഡോ. ശംസുദ്ദീന് ഹൈദരാബാദ് സ്വദേശിനിയും ബംഗളൂരുവില്‍ താമസക്കാരിയുമായ ഭാര്യ ഷഹനാസില്‍ പിറന്ന മകളാണ് മുന. മുനയ്ക്ക് പുറമെ രണ്ട് ആണ്‍മക്കളും ഇവര്‍ക്കുണ്ട്. ഡോ. ശംസുദ്ദീന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ടില്‍ വെച്ച് മരണപ്പെട്ടു. അഡ്വ. അഹ്മദിന്റെ നാലാമത്തെ സന്തതിയാണ് പ്രശസ്ത കന്നഡ സാഹിത്യകാരി സാറാ അബൂബക്കര്‍. അഞ്ചാമത്തെ മകന്‍ അഡ്വ. പി. അബ്ദുല്‍ ഹമീദ്. ഇപ്പോള്‍ കോഴിക്കോടാണ് താമസം. അഡ്വ. പി. അഹ്മദിന്റെ മക്കളില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതും 84കാരനായ അഡ്വ. പി. അബ്ദുല്‍ ഹമീദ് മാത്രമാണ്. 1968ല്‍ രൂപീകൃതമായ കാസര്‍കോട് നഗരസഭയുടെ ആദ്യത്തെ കൗണ്‍സിലില്‍ അംഗവും പ്രഥമ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു ഇദ്ദേഹം. ഏറ്റവും ഇളയ മകനാണ് 1965ലെ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് മുഹമ്മദ് ഹാഷിം. പെരുമ ഏറെയുള്ള ഈ കുടുംബത്തിന്റെ പുതിയ തലമുറയിലെ മുന ശംസുദ്ദീന്‍ ചാള്‍സ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത് കാസര്‍കോടിനും കേരളത്തിനും മാത്രമല്ല, ഇന്ത്യാ രാജ്യത്തിന് തന്നെ അഭിമാനമായി.
മുന ശംസുദ്ദീന്‍ കുട്ടിക്കാലത്ത് കാസര്‍കോട് ഹാഷിം സ്ട്രീറ്റിലെ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് അഡ്വ. പി. അബ്ദുല്‍ ഹമീദ് ഉത്തരദേശത്തോട് പറഞ്ഞു. 2010ല്‍ ഇംഗ്ലണ്ടില്‍ പോയപ്പോള്‍ മുനയുമായി ഏറെനേരം സംസാരിച്ചിരുന്നു. മിടുക്കിയാണവള്‍. പുതിയപുര കുടുംബത്തിന്റെ അഭിമാനവുമാണ്.
ബ്രിട്ടീഷ് ഹൈകമ്മീഷ്ണര്‍ എന്ന നിലയിലും മുന ശംസുദ്ദീന്‍ ഏറെ പ്രശസ്തയായിരുന്നു-പി. അബ്ദുല്‍ ഹമീദ് പറഞ്ഞു.
ചാള്‍സ് രാജാവ് മൂന്നാമന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി ഉന്നത പദവിയില്‍ നില്‍ക്കുമ്പോഴും മുന ശംസുദ്ദീന് ഒട്ടും അഹങ്കാരമോ തലക്കനമോ ഇല്ലെന്നും എപ്പോള്‍ വിളിച്ചാലും സന്ദേശം അയച്ചാലും സംസാരിക്കുകയും സന്ദേശങ്ങള്‍ക്ക് മറുപടി അയക്കുകയും ചെയ്യാറുണ്ടെന്നും അഡ്വ. പി. അബ്ദുല്‍ ഹമീദിന്റെ മകന്‍ സമീര്‍ പുതിയപുര പറഞ്ഞു.