'കിദൂര്‍ പക്ഷി ഗ്രാമം' ടൂറിസം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു

കാസര്‍കോട്: പക്ഷി നിരീക്ഷണത്തിനും ഗവേഷണത്തിനുമായി കുമ്പള പഞ്ചായത്തിലെ കിദൂര്‍ കുണ്ടങ്കരടുക്കയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഡോര്‍മിട്രി പക്ഷി ഗ്രാമം പദ്ധതി നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി. പ്രകൃതി സ്‌നേഹികള്‍ക്ക് ഇനി കിദൂര്‍ കുണ്ടങ്കരുടുക്കയിലെത്തിയാല്‍ പക്ഷി ഗ്രാമത്തില്‍ താമസിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ വിനോദസഞ്ചാര വകുപ്പിന്റേതാണ് പദ്ധതി. കുമ്പള പഞ്ചായത്തില്‍ നടപ്പാക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ ടൂറിസം പദ്ധതി കൂടിയാണിത്. നടത്തിപ്പിനായി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ കെട്ടിടം തുറന്നു കൊടുക്കും. 2019ല്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 60 ലക്ഷം രൂപ ചെലവഴിച്ചാണ് പക്ഷി ഗ്രാമത്തിന്റെ ഡോര്‍മിട്രി നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ജില്ല നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല. നിര്‍മ്മാണത്തിലുണ്ടായ കാലതാമസം വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. കെട്ടിടത്തില്‍ മീറ്റിംഗ് ഹാള്‍, ഓഫീസ് മുറി, കാബിന്‍, താമസത്തിനുള്ള മുറികള്‍, അടുക്കള, ശൗചാലയങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. പ്രകൃതി രമണീയമായ പ്രദേശത്ത് ഇനി ടൂറിസം സഞ്ചാരികള്‍ കൂടി എത്തിത്തുടങ്ങുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കിദൂര്‍ കുണ്ടങ്കരടുക്ക പക്ഷി ഗ്രാമം 10 ഏക്കര്‍ വിസ്തൃതിയിലുള്ളതാണ്. ഈ പ്രദേശം ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നവുമാണ്. വിദേശത്തേയും സ്വദേശത്തേയുമായി 174 വ്യത്യസ്തയിനം പക്ഷികളെ ഇതുവരെയായി ഇവിടെ പക്ഷി നിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള കൂടുതല്‍ ഗവേഷണങ്ങളും നടന്നുവരുന്നു. അപൂര്‍വയിനം പക്ഷികള്‍ ഇവിടത്തെ ആകര്‍ഷണമാണെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it