കാന്തപുരം നയിക്കുന്ന കേരളയാത്ര ഇന്ന് തുടങ്ങും; ചെര്‍ക്കള ഒരുങ്ങി

കേരളയത്രയുടെ ഉദ്ഘാടന സമ്മേളനം നടക്കുന്ന ചെര്‍ക്കളയിലെ വേദി സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തുന്ന സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍
കാസര്‍കോട്: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയത്ര ഇന്ന് കാസര്‍കോട്ട് നിന്ന് തുടക്കം കുറിക്കും. മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിന് ചെര്‍ക്കള സജ്ജമായി. ഉച്ചക്ക് ഉള്ളാള്‍ ദര്‍ഗയില്‍ സിയാറത്ത് നടത്തിയ ശേഷം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാരും കേരള യാത്ര സമിതി ചെയര്‍മാന്‍ കുമ്പോല്‍ കെ.എസ് ആറ്റക്കോയ തങ്ങളും ജാഥാ നായകന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് പതാക കൈമാറും. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരിയും പേരോട് അബ്ദു റഹ്മാന്‍ സഖാഫിയുമാണ് ഉപനായകര്‍. സമസ്തയുടെയും പോഷക സംഘടനകളുടെയും 40 നേതാക്കള്‍ യാത്രയിലുണ്ടാകും. 2.30ന് ജില്ലാതിര്‍ത്തിയായ തലപ്പാടിയില്‍ കേരള യാത്രാ സാരഥികളെ കാസര്‍കോട് ജില്ലാ നേതാക്കള്‍ സ്വീകരിക്കും. ദേശീയപാത വഴി നീങ്ങുന്ന യാത്രയെ നാല് മണിക്ക് ചെര്‍ക്കളക്ക് സമീപം വെച്ച് 313 അംഗ സെന്റിനറിഗാര്‍ഡിന്റെ നേതൃത്വത്തില്‍ നഗരിയിലേക്ക് സ്വീകരിച്ചാനയിക്കും. 5 മണിക്ക് തുടങ്ങുന്ന പൊതു സമ്മേളനം രാത്രി 9 മണിക്ക് സമാപിക്കും.

