കാസർകോട് മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് ഇനി ഗവാസ്‌കറുടെ പേരിൽ: പൗരാവലിയുടെ ആദരം ഏറ്റുവാങ്ങി സുനിൽ ഗവാസ്കർ

കാസര്‍കോട്: കാസർകോട് മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് ഇനി ചരിത്രത്താളുകളില്‍ തിളങ്ങി നില്‍ക്കും. സ്‌റ്റേഡിയം ജംഗ്ഷനിലുള്ള മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ നാമധേയത്തില്‍ അറിയപ്പെടും. കാസര്‍കോട്ടെത്തിയ താരം റോഡിന്റെ പുതിയ നാമകരണം ഉദ്ഘാടനം ചെയ്തു. ഒത്തുകൂടിയ ക്രിക്കറ്റ് പ്രേമികള്‍ അടക്കമുള്ളവരുടെ ഹര്‍ഷാരവത്തോടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയും അദ്ദേഹം സുനില്‍ ഗവാസ്‌കര്‍ മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് നാടിന് സമര്‍പ്പിച്ചു. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ ആനയിച്ചു. തുടർന്ന് ചെട്ടുംകുഴിയിലെ റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ നടന്ന ചടങ്ങിൽ കാസര്‍കോട് പൗരാവലിക്ക് വേണ്ടി ഗവാസ്കറെ ആദരിച്ചു.




സ്വീകരണ ചടങ്ങിൽ സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടറും പ്രവാസി വ്യവസായിയുമായ ഖാദര്‍ തെരുവത്ത് ആമുഖഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതം പറഞ്ഞു. മൂവരും ചേര്‍ന്ന് പൊന്നാടയും പൂക്കുടയും തേക്കില്‍ പ്രത്യേകം തയ്യാറാക്കിയ ഉപഹാരവും നല്‍കി. സൈദ അബ്ദുല്‍ ഖാദര്‍ ഗവാസ്‌കറെ പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ എന്നിവർ സംസാരിച്ചു. ഗവാസ്‌കര്‍ സ്വീകരണത്തിന് മറുപടി പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര പ്രസംഗം പരിഭാഷപ്പെടുത്തി. കാസര്‍കോട് അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാർ, നഗരസഭാ ഉപാധ്യക്ഷ ഷംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍., ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി, ഡി.സി .സി പ്രസിഡന്റ് പി.കെ ഫൈസൽ, നഗരസഭാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഡി.വി, പ്രവാസി വ്യവസായി യഹ്‌യ തളങ്കര, കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കെ.എം അബ്ദുല്‍ റഹ്മാന്‍, നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ എ. അബ്ദുല്‍ റഹ്മാന്‍, , ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ ഖാദര്‍, കെ.എസ്.എസ്.ഐ.എ ജില്ലാ സെക്രട്ടറി മുജീബ് അഹ്മദ് , കുനിൽ ഗ്രൂപ്പ് ചെയർമാൻ ഫക്രുദ്ദീന്‍ കുനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വർക്കിംഗ് കമ്മിറ്റി കൺവീനർ ടി.എ ഷാഫി നന്ദി പറഞ്ഞു.




Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it