ചിത്രവും ചലച്ചിത്രവും: ആറാം ക്ലാസ് മലയാളം പാഠാവലിയില്‍ ഒരു കാസര്‍കോടന്‍ കിസ്സ
ബാര ഭാസ്‌കരന്‍ വരച്ച ചിത്രം, സുബിന്‍ ജോസിന്റെ കുഞ്ഞു തിരക്കഥ
കാസര്‍കോട്: ആറാം ക്ലാസിലെ അടിസ്ഥാന മലയാള പാഠാവലിയില്‍ കാസര്‍കോടിന്റെ വരയും വരിയും. കാസര്‍കോട് സ്വദേശിയും പ്രശസ്ത ചിത്രകാരനുമായ ബാര ഭാസ്‌കരന്റെ ചിത്രവും നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ സുബിന്‍ ജോസ് എഴുതിയ കുട്ടികള്‍ക്കുള്ള തിരക്കഥയുമാണ് ഈ വര്‍ഷത്തെ പാഠപുസ്തകത്തില്‍ ഇടം പിടിച്ചത്.
1861ല്‍ ബേപ്പൂരില്‍ നിന്ന് ആദ്യമായി ആവിവണ്ടി ഓടി തുടങ്ങിയതിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള ബാര ഭാസ്‌കരന്റെ വര. വിശദമായ അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. അടിക്കുറിപ്പ് ഇങ്ങനെയാണ്: അന്നേരം ഒരു ഭയങ്കരമായ ശബ്ദം മലയാളക്കരയില്‍ കേള്‍ക്കാറായി. കറുത്ത പുകപടലം അന്തരീക്ഷത്തെ മൂടിയും പൊടിപടലങ്ങളെ ഭൂമിയില്‍ നിന്നിളക്കിയും ചലിച്ചു കൊണ്ടിരിക്കുന്ന അതിന്റെ അതിശയിപ്പിക്കുന്ന ഹുങ്കാരം കേട്ട്, നായ്ക്കള്‍ വാലും ചുരുട്ടി, വരാന്‍ പോകുന്നത് എന്തെന്നറിയാതെ മോങ്ങിക്കൊണ്ടിരുന്നു. കോഴികള്‍ നാലുപാടും ചിതറിപ്പറന്നു. വേലികളൊന്നും ഇല്ലാത്തതിനാല്‍ ചിലവ ആ ഘോരശബ്ദത്തിനടുത്തേക്ക് തന്നെ കുതിച്ചു. പക്ഷികള്‍ പലപല ശബ്ദാരവങ്ങളോടെ കാട്ടിലേക്ക് പറന്നു.
പൊതുവിദ്യഭ്യാസത്തില്‍ ചെറിയ കുട്ടികള്‍ക്ക് പഠിക്കാനുള്ള പാഠഭാഗമായി 'മീനും ഞാനും' എന്ന പേരിലാണ് സുബിന്‍ ജോസിന്റെ തിരക്കഥ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇറാനിയന്‍ ഹ്രസ്വ ചിത്രത്തിന്റെ സ്വതന്ത്ര തിരക്കഥയാണിത്. ബാബക് ഹബിബിഫാര്‍ എന്ന സംവിധായകന്‍ രചനയും സംവിധാനവും അഭിനയവും നിര്‍വഹിച്ച ഫിഷ് ആന്റ് ഐ എന്ന കുഞ്ഞന്‍ സിനിമയുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരക്കഥയാണ് മീനും ഞാനും എന്ന പേരില്‍ പാഠപുസ്തകത്തില്‍ 29, 30, 31, 32 പേജുകളിലായി അച്ചടിച്ചിട്ടുള്ളത്. കുറേ കാലമായി ഫിലിം സ്റ്റഡീസ് എന്ന അക്കാദമിക് ഇനം കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ നിലവിലുണ്ടെങ്കിലും കുട്ടികള്‍ക്കുള്ള പാഠാവലിയില്‍ തിരക്കഥ പുതുമയാര്‍ന്നതാണ്. നിരവധി അമച്വര്‍ ഫിലിം ഫെസ്റ്റിവലുകള്‍ പ്രാദേശികമായി സംഘടിപ്പിച്ച് ലോക സിനിമകള്‍ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്താറുള്ള സുബിന്‍ ജോസ് പലതരം കൂട്ടായ്മകളില്‍ സിനിമാ പ്രദര്‍ശന, പരിചയം നടത്തിവരുന്നു.