കലാകിരീടം ഹൊസ്ദുര്‍ഗിന്; സ്‌കൂളുകളില്‍ ദുര്‍ഗ തന്നെ

കാസര്‍കോട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളായ ഹൊസ്ദുര്‍ഗിന് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വി.പി അബ്ദുല്‍ ഖാദര്‍ ട്രോഫി സമ്മാനിക്കുന്നു
മൊഗ്രാല്‍: മൂന്ന് നാളുകളിലായി മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ നടന്ന 64-മത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പരിസമാപ്തി. 953 പോയിന്റോടെ ഹൊസ്ദുര്‍ഗ് ഉപജില്ല കലാകിരീടം മാറോട് ചേര്‍ത്തു. 945 പോയിന്റുമായി കാസര്‍കോട് ഉപജില്ലക്കാണ് രണ്ടാം സ്ഥാനം. 862 പോയിന്റുള്ള ചെറുവത്തൂര്‍ മൂന്നാമതും. സ്‌കൂളുകളില്‍ 236 പോയിന്റ് നേടി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇത്തവണയും ഓവറോള്‍ കിരീടം സ്വന്തമാക്കി. 194 പോയിന്റുമായി ചട്ടഞ്ചാല്‍ സി.എച്ച്.എസ്.എസാണ് രണ്ടാമത്.
രാത്രി എട്ടുമണിയോടെയാണ് കലാമത്സരങ്ങള്‍ സമാപിച്ചത്. പരിമിതികളെ ജനകീയ കൂട്ടായ്മയിലൂടെ മറികടന്നാണ് കലോത്സവത്തെ മൊഗ്രാല്‍ ഗ്രാമം കളറാക്കി മാറ്റിയത്. 4000 മത്സരാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും സ്‌കൂള്‍ അധ്യാപകരെയും ആയിരത്തോളം വരുന്ന നാട്ടുകാരെയും ഉള്‍ക്കൊണ്ട് പരാതികളില്ലാതെ പരിപാടി വിജയിപ്പിക്കാന്‍ സാധിച്ചതിലുള്ള സന്തോഷത്തിലാണ് സംഘാടകരും നാട്ടുകാരും. സമാപന സമ്മേളനം മഞ്ചേശ്വരം എം.എല്‍.എയും സംഘാടകസമിതി ചെയര്‍മാനുമായ എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.കെ സോയ അധ്യക്ഷത വഹിച്ചു. സെഡ്. എ മൊഗ്രാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിനിമ-സീരിയല്‍ നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍, ജില്ലാ പഞ്ചായത്ത് മൊഗ്രാല്‍ ഡിവിഷന്‍ അംഗം അസീസ് കളത്തൂര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. സര്‍വീസില്‍ നിന്ന് വിരമിച്ച കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി മധുസൂദനന് യാത്രയയപ്പ് നല്‍കി.

