തോരാതെ മഴ..!! ദേശീയപാത നിര്‍മാണ പ്രവൃത്തി തടസ്സപ്പെട്ടു; പലയിടങ്ങളിലും വെള്ളക്കെട്ട്; കൃഷി നശിച്ചു
ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍
കാസര്‍കോട് : ജില്ലയില്‍ തിങ്കളാഴ്ച തുടങ്ങിയ അതിതീവ്ര മഴ ചൊവ്വാഴ്ചയും തുടരുകയാണ്. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറി. കൃഷി നശിച്ചു. വടക്കന്‍ തമിഴ്‌നാടിനും തെക്കന്‍ കര്‍ണാടകക്കും മുകളില്‍ സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം വടക്കന്‍ കേരളത്തിന് മുകളിലൂടെ സഞ്ചരിച്ച് കര്‍ണാടക തീരത്തിനും മധ്യപടിഞ്ഞാറന്‍ അറബിക്കടലിനും മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. കാസര്‍കോട് , കണ്ണൂര്‍ ജില്ലകളില്‍ ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നത്. തിങ്കളാഴ്ച രാവിലെ 10.30 വരെ ഓറഞ്ച് അലര്‍ട്ട് ആയിരുന്ന ജില്ലയില്‍ പിന്നീട് റെഡ് അലര്‍ട്ട് ആയി. രാവിലെ തുടങ്ങിയ മഴ രാത്രിയിലും കനത്തു. ജില്ലയില്‍ ദേശീയ പാതാ നിര്‍മാണം നടക്കുന്ന മഞ്ചേശ്വരം, കാസര്‍കോട് ഭാഗങ്ങളില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. അടിപ്പാത നിര്‍മാണം പുരോഗമിക്കുന്ന ഇടങ്ങളിലും മണ്ണ് മാറ്റിയ ഇടങ്ങളിലും വെള്ളം നിറഞ്ഞു. കനത്ത മഴയായതിനാല്‍ നിര്‍മാണപ്രവൃത്തികളും പലയിടങ്ങളിലും തടസ്സപ്പെട്ടു. അടിപ്പാത നിര്‍മാണത്തിനായി പലയിടങ്ങളിലും ഇറക്കിയ മണ്ണില്‍ വെള്ളം കയറി.
മഞ്ചേശ്വരത്ത് ഇടിമിന്നലേറ്റ് പൊസോട്ട് പാലത്തിന് സമീപത്തെ ബി.എം മുഹമ്മദിന്റെ വീട്ടിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കത്തിനശിച്ചു. വീടിന്റെ ചുമരുകള്‍ക്ക് വിള്ളല്‍വീണു. ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.ബന്തിയോട് മൂസഹാജിയുടെ വീട്ടില്‍ വെള്ളംകയറിയതിനാല്‍ വീട്ടില്‍ അകപ്പെട്ട കുടുംബത്തെ അഗ്നിശമന സേന എത്തി രക്ഷപ്പെടുത്തി. ഹൊസങ്കടിയില്‍ വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയതിനെ തുടര്‍ന്ന് അകപ്പെട്ട 75കാരന്‍ അബ്ദുല്‍ ഖാദറിനെയും രക്ഷപ്പെടുത്തി. ബന്തിയോട് ഭാഗങ്ങളിലുള്ള ഒമ്പത് കുടുംബങ്ങളെയും മഞ്ചേശ്വരം ഭാഗത്ത് നിന്ന് 15 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു.
ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കൃഷി ഇറക്കിയ വയലുകളില്‍ വെള്ളം കയറിയതോടെ ഏക്കര്‍ കണക്കിന് കൃഷി നശിച്ചു. മലയോരങ്ങളില്‍ കുരുമുളക് ഉള്‍പ്പെടെയുള്ള കൃഷികളും ഭീഷണിയിലാണ്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടു. തീരദേശങ്ങളിലും മലയോരങ്ങളിലും ജാഗ്രത നിലനില്‍ക്കുകയാണ്. മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
മടിക്കൈ എരിക്കുളത്ത് കൃഷി ഇറക്കിയ പാടത്ത് വെള്ളം കയറിയ നിലയില്‍ - (Photo Credit- Rajeevan Erikkulam)