ബാങ്കോട്ട് റോഡിന്റെ പകുതി ഭാഗത്തോളം കല്ലും മണ്ണും കൂട്ടിയിട്ടു; ഗതാഗതം ദുസ്സഹം

തളങ്കര: തളങ്കര ബാങ്കോട്ട് വലിയ കുഴിയുടെ മുകളില്‍ സംരക്ഷണ ഭിത്തി പണിയാതെ റോഡിന്റെ ഓരത്തെ കല്ലുകളും മറ്റും റോഡില്‍ കൂട്ടിയിട്ടത് മൂലം വാഹനഗതാഗതം ദുസ്സഹം. ബസ് സര്‍വീസുള്ള ഈ റോഡില്‍ ബസ് കടന്നുപോവുന്നത് വളരെ പ്രയാസപ്പെട്ടാണ്. ബാങ്കോട് ഗാര്‍ഡന്‍ നഗറിനും സീനത്ത് നഗര്‍ മദ്രസ ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിനും ഇടയിലുള്ള സ്ഥലത്താണ് ഈ ദുരിതം. റോഡിന്റെ ഒരുവശത്ത് കുഴിയാണ്. ഇവിടെ വീടുകളടക്കം സ്ഥിതി ചെയ്യുന്നുണ്ട്. കുഴിക്ക് മുകളില്‍ റോഡിനോട് ചേര്‍ന്ന് സംരക്ഷണ ഭിത്തി പണിയേണ്ടതുണ്ട്. സ്‌കൂളുകളിലേക്കും മദ്രസകളിലേക്കുമൊക്കെ കുട്ടികള്‍ നടന്നുപോവുന്ന വഴി കൂടിയാണിത്. റോഡിന്റെ ഏതാണ്ട് പകുതി ഭാഗത്ത് ഗതാഗതത്തിന് തടസമാവുന്ന തരത്തില്‍ കല്ലും മണ്ണും കൂട്ടിയിട്ടിരിക്കുകയാണ്. മാസങ്ങളായി ഇതേ സ്ഥിതിയാണ്. റോഡില്‍ നിന്ന് കല്ലും മണ്ണും മാറ്റി ഉടന്‍ സംരക്ഷണ ഭിത്തി പണിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.