തലവേദനയായി കള്ളനും പൊലീസും..!! റിക്കവറിയുടെ പേരില്‍ പോലീസ് പീഡനമെന്ന് സ്വര്‍ണ വ്യാപാരികള്‍; ഹൈക്കോടതിയെ സമീപിക്കും

കാസര്‍കോട്: നിയമാനുസൃതം ബില്ല് എഴുതി നികുതി നല്‍കി വ്യാപാരം നടത്തി കൊണ്ടിരിക്കുന്ന സ്വര്‍ണ വ്യാപാരികളെ റിക്കവറിയുടെ പേരില്‍ പൊലീസ് പീഡിപ്പിക്കുകയാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍. പൊലീസ് നടപടികള്‍ കാരണം വ്യാപാരികള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് അസോസിയേഷന്റെ തീരുമാനം. മാറ്റി എടുക്കാനായി പഴയ സ്വര്‍ണാഭരണങ്ങളുമായി വരുന്ന ഉപഭോക്താവിന്റെ കൈയ്യിലുള്ളത് കളവ് മുതലാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ വ്യാപാരികള്‍ക്ക് യാതൊരു മാര്‍ഗവും ഇല്ലെന്നിരിക്കെ ആ വ്യാപാരം നടത്തി കൊടുക്കാന്‍ വ്യാപാരി ബാധ്യസ്ഥനാണ്. ഇത്തരത്തില്‍ മാറ്റി എടുത്ത് പകരം നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ , മാസങ്ങള്‍ക്ക് ശേഷം പൊലീസ് കള്ളനുമായി കടയില്‍ വന്ന് അത് കളവ് മുതലാണെന്ന് പറഞ്ഞു കൊണ്ട് സ്വര്‍ണം തിരിച്ചു നല്‍കാന്‍ നിര്‍ബന്ധിക്കുകയും തയ്യാറാവാത്ത പക്ഷം പ്രതിയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പ്രതി കടയില്‍ നിന്ന് മാറ്റി എടുത്തു കൊണ്ടുപോയ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസ് യാതൊരു ശ്രമവും നടത്തുന്നില്ല. ഇതുമൂലം വ്യാപാരിക്ക് താങ്ങാനാവാത്ത സാമ്പത്തിക നഷ്ടവും മാനഹാനിയും സംഭവിക്കുന്നു. വ്യക്തിവിരോധത്തിന്റെ പേരില്‍ ഒരു വ്യാപാരിയുടെ പേര് കള്ളന്‍ പറയുകയാണെങ്കില്‍ അത് വിശ്വസിച്ച് പൊലീസ് കള്ളനുമായി വന്ന് സ്വര്‍ണം ആവശ്യപ്പെടുന്ന അനുഭവങ്ങളും ഉണ്ടാവാറുണ്ട്. ഒരു കേസിന് വേണ്ടി റിക്കവറി ചെയ്ത സ്വര്‍ണം മറ്റൊരു കേസിന് വേണ്ടി തൊണ്ടിമുതലായി മാറ്റാന്‍ പറ്റുന്ന വിചിത്ര സാഹചര്യവും സ്വര്‍ണ കളവ് കേസില്‍ പൊലീസ് നടത്താറുണ്ട്. ഇത്തരത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കര്‍ണാടക പൊലീസിന്റെ ഭാഗത്തു നിന്നാണ്. കേസിന്റെ എഫ്.ഐ.ആര്‍ മാത്രം കാണിച്ച് പല ജ്വല്ലറികളില്‍ നിന്നും റിക്കവറി നടത്തുന്നു. പ്രതിയുടെ കുറ്റസമ്മതമൊഴി കടക്കാരനെ കാണിക്കണമെന്ന് നിയമം നിലനില്‍ക്കെ ഇത് കാണിക്കാന്‍ പൊലീസ് തയ്യാറാവാത്തതാണ് കൃത്രിമം നടത്താന്‍ പൊലീസിന് സാധിക്കുന്നത്. പരിചയമില്ലാത്ത ആള്‍ക്കാരില്‍ നിന്നോ, അന്യ നാട്ടുകാരില്‍ നിന്നോ യാതൊരു കാരണവശാലും സ്വര്‍ണാഭരണം വിലക്ക് വാങ്ങരുതെന്ന് സംഘടന അംഗങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ്, എ.കെ.ജി.എസ്.എം.എ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ കരീം കോളിയാട്, ജനറല്‍ സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍, ട്രഷറര്‍ ബി.എം അബ്ദുല്‍ കബീര്‍, വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ ഹമീദ്, യൂണിറ്റ് പ്രസിഡണ്ട് ജി.വി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it