നായന്മാര്‍മൂലയില്‍ ക്വാര്‍ട്ടേഴ്‌സില്‍ തീപിടിത്തം; തലനാരിഴയ്ക്ക് വന്‍ദുരന്തം ഒഴിവായത്

തീപിടിത്തമുണ്ടായത് ദേശീയപാത നിര്‍മ്മാണ തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍

വിദ്യാനഗര്‍: ദേശീയപാതാ നിര്‍മ്മാണം നടത്തുന്ന കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘത്തിലെതൊഴിലാളികള്‍ താമസിക്കുന്ന ഇരുനില ക്വാര്‍ട്ടേഴ്സില്‍ വന്‍ തീപിടിത്തമുണ്ടായി. നാട്ടുകാരുടെയും കാസര്‍കോട് ഫയര്‍ ഫോഴ്‌സിന്റെയും സമയോചിത ഇടപെടല്‍ മൂലം വലിയ ദുരന്തം ഒഴിവാവുകയായിരുന്നു. നായന്മാര്‍മൂല പടിഞ്ഞാറേമൂല ബാഫഖി നഗറിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചക്കാണ് സംഭവം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാനിടയാക്കിയത്. ഈ സമയത്ത് തൊഴിലാളികള്‍ സ്ഥലത്തില്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്. തളങ്കര തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കഴിഞ്ഞ രണ്ട് വര്‍ഷമായി തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ഇരുനില ക്വാര്‍ട്ടേഴ്സിന്റെ താഴെ ഭാഗത്തുള്ള വൈദ്യുതി മീറ്റര്‍ ബോര്‍ഡില്‍ നിന്നാണ് കരിയും പുകയും ഉയര്‍ന്നത്. ഉടന്‍ തന്നെ തീ ആളിപ്പടര്‍ന്നു. പരിസരവാസികളാണ് കാസര്‍കോട് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്. കെട്ടിടം പൂര്‍ണമായും കരിപിടിച്ച നിലയിലാണ്. ജനലുകളും വാതിലുകളും മിക്കതും നശിച്ചു. വൈദ്യുതി വയറിംഗ് സംവിധാനവും പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് തൊഴിലാളികളും സ്ഥലത്ത് എത്തി. തീ തുടങ്ങിയ സ്ഥലത്ത് സ്‌പെയര്‍ പാര്‍ട്സുകളും പേപ്പറുകളും മറ്റു വസ്തുക്കളും കൂട്ടിയിട്ട നിലയിലായിരുന്നു. ഇവക്ക് തീപിടിച്ചതാണ് പെട്ടെന്ന് തീ ആളിപ്പടരാന്‍ ഇടയാക്കിയതെന്ന് കരുതുന്നു. കെട്ടിടത്തിന്റെ ചുമരും തറയും വിണ്ടുകീറിയിട്ടുണ്ട്. സീനിയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് തീയണച്ചത്. സേനാംഗങ്ങളായ എസ്. അരുണ്‍കുമാര്‍, ഒ.കെ. പ്രജിത്ത്, എസ്. അഭിലാഷ്, പി.സി. മുഹമ്മദ് സിറാജുദ്ദീന്‍, ടി.എസ്. എല്‍ബി, ഹോം ഗാര്‍ഡ് എന്‍.പി. രാഗേഷ് സംഘത്തിലുണ്ടായിരുന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it