ജില്ലയില്‍ പരക്കെ കനത്ത മഴ; ചൊവ്വാഴ്ചയും റെഡ് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്നും നാളെയും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടുമെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട്‌; ഫെങ്കല്‍ ചുഴലിക്കാറ്റിന്റെ ഭാഗമായി ജില്ലയില്‍ അതിതീവ്രമഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ വരെ ഓറഞ്ച് അലേര്‍ട്ട് ആയിരുന്ന കാസര്‍കോട് ജില്ലയില്‍ രാവിലെ 10.30 ഓടു കൂടിയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജില്ലയില്‍ പരക്കെ കനത്ത മഴ പെയ്യുകയാണ്. നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍ , അങ്കണവാടികള്‍ , മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

ഇന്നും നാളെയും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തീരദേശങ്ങളിലും മലയോരങ്ങളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുത് . ജില്ലയില്‍ ക്വാറികളിലെ ഖനനവും രണ്ടുദിവസത്തേക്ക് നിര്‍ത്തിവെക്കേണ്ടതാണ്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ അറ്റകുറ്റപ്പണികളോ നടക്കുന്ന ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് കാണുന്ന തരത്തില്‍ ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് നിര്‍ദ്ദേശം നല്‍കി.റോഡുകളില്‍ കുഴികളോ മറ്റ് അപകട സാധ്യതകളോ ഉള്ള ഇടങ്ങളില്‍ അടിയന്തരമായി അപകട സാധ്യത ലഘുകരിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തും.

ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസര്‍മാരും വില്ലേജ് പരിധിയിലെ എല്ലാ സ്‌കൂളുകളും സന്ദര്‍ശിച്ചു പ്രധാനാധ്യാപകരുമായി ബന്ധപ്പെട്ട് കുട്ടികള്‍ സുരക്ഷിതമായി വീടുകളില്‍ തിരിച്ചെത്തുന്നുണ്ടെന്നു ഉറപ്പ് വരുത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍നിര്‍ദ്ദേശിച്ചു.

ഫെങ്കല്‍ ചുഴലിക്കാറ്റ് വടക്കന്‍ തമിഴ്‌നാടിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി സ്ഥിതി ചെയ്യുകയാണ് നാളെയോടെ വടക്കന്‍ കേരളത്തിനും കര്‍ണാടക്കും മുകളിലൂടെ ന്യൂനമര്‍ദ്ദമായി അറബിക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്്ഥാ വകുപ്പ് അറിയിച്ചു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it