കാസര്‍കോടിന് കൃഷിയുടെ നല്ലപാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ ഡോ. ആര്‍.ഡി. അയ്യര്‍ വിടവാങ്ങി

കാസര്‍കോട്: കാസര്‍കോടിന് കൃഷിയുടെ നല്ലപാഠങ്ങല്‍ പകര്‍ന്ന് നല്‍കുകയും ജനപ്രിയ ശാസ്ത്രജ്ഞന്‍ എന്ന് പെരുമ നേടുകയും ചെയ്ത കാസര്‍കോട് സി.പി.സി.ആര്‍.ഐ ക്രോപ് ഇംപ്രൂവ്‌മെന്റ് മുന്‍ മേധാവിയും ഓച്ചിറ തഴവ നവശക്തി ട്രസ്റ്റ് സ്ഥാപകനുമായ തഴവ കുതിരപ്പന്തി വെള്ളാട്ടം പള്ളിമഠത്തില്‍ ഡോ. ആര്‍.ഡി. അയ്യര്‍(91) വിടവാങ്ങി. കാസര്‍കോട് സി.പി.സി.ആര്‍.ഐ. ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയ കാലങ്ങളില്‍ ഡോ. ആര്‍.ഡി. അയ്യരുടെയും അദ്ദേഹത്തിന്റെ ഭാര്യ ഡോ. രോഹിണി അയ്യരുടെയും സംഭാവന വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. കാസര്‍കോട് സി.പി.സി.ആര്‍.ഐ മുന്‍ സീനിയര്‍ പ്രിന്‍സിപ്പള്‍ സയന്റിസ്റ്റായിരുന്നു ഡോ. രോഹിണി അയ്യര്‍. കാസര്‍കോട് സി.പി.സി.ആര്‍.ഐക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരന്നു ഈ ദമ്പതികളുടേത്. സി.പി.സി.ആര്‍.ഐയെ പെരുമയിലേക്ക് വളര്‍ത്തുന്നതിലും കാസര്‍കോടിന് കൃഷിയോടുള്ള താല്‍പര്യം വളര്‍ത്തുന്നതിലും അയ്യര്‍ ദമ്പതിമാരുടെ പങ്ക് വലുതായിരുന്നു. ഡോ. ആര്‍.ഡി. അയ്യര്‍ കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലകളിലും ഒരു കാലത്ത് സജീവമായിരുന്നു. കെ.എം. അഹമ്മദ് മാഷ് അടക്കമുള്ളവരുമായി അടുത്ത സുഹൃദ്ബന്ധം സ്ഥാപിച്ച ആര്‍.ഡി. അയ്യര്‍ മകളും പ്രശസ്ത പിന്നണി ഗായികയുമായ ചിത്ര അയ്യരെ ഗാനാസ്വാദകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് കാസര്‍കോട്ടെ സാംസ്‌കാരിക വേദികളിലൂടെയാണ്. സ്‌കിന്നേഴ്‌സ് കാസര്‍കോട് എന്ന കൂട്ടായ്മയിലൂടെ വളര്‍ന്നുവന്ന താരമാണ് ചിത്ര അയ്യര്‍.
തമിഴ്‌നാട് മധുര തിരുമംഗലം സ്വദേശിയായ ഡോ. ആര്‍.ഡി. അയ്യര്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് സസ്യ ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് ന്യൂഡെല്‍ഹി ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂറ്റില്‍ അധ്യാപകനായി സേവനം അനുഷ്ടിച്ചു. സസ്യശാസ്ത്രത്തില്‍ ഗവേഷണം നടത്തുകയും ചെയ്തു. ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്. സ്വാമിനാഥന്റെ കീഴില്‍ കാര്‍ഷിക ഗവേഷണത്തില്‍ അവാര്‍ഡോടെ പി.എച്ച്.ഡി. നേടി. 1978ല്‍ മികച്ച പ്രബന്ധത്തിനുള്ള ഐ.സി.എ.ആര്‍.എസ്. ജവഹര്‍ലാല്‍ അവാര്‍ഡ് നേടി. ഡോ.എം.എസ്. സ്വാമിനാഥനോടൊപ്പം സേവനം അനുഷ്ഠിക്കുകയും അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ ജീവചരിത്രം ഇംഗ്ലീഷില്‍ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കാസര്‍കോട് സി.പി.സി.ആര്‍.ഐ ക്രോപ് ഇംപ്രൂവ്‌മെന്റ് മുന്‍ മേധാവിയായിരുന്നു. വിവിധ കേന്ദ്ര കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളുടെയും തലവനായിരുന്നു. വിരമിച്ച ശേഷം ഡോ. എം.എസ്. സ്വാമിനാഥന്റെ നിര്‍ദ്ദേശ പ്രകാരം 'സുസ്ഥിര കൃഷിയിലൂടെ കര്‍ഷകരുടെ ഉന്നമനം' എന്ന ലക്ഷ്യത്തോടെ ആര്‍.ഡി. അയ്യരും ഭാര്യ രോഹിണി അയ്യരും ചേര്‍ന്ന് 2007ല്‍ തഴവയില്‍ നവശക്തി ട്രസ്റ്റ് രൂപീകരിച്ചു. ആര്‍.ഡി. അയ്യര്‍ക്ക് മുമ്പേ ഭാര്യ രോഹിണി അയ്യര്‍ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. ചിത്ര അയ്യരെ കൂടാതെ ശാരദ അയ്യര്‍ (ജര്‍മ്മനി), ഡോ. രമ അയ്യര്‍ (യു.കെ.) എന്നിവര്‍ മക്കളാണ്. മരുമക്കള്‍: വിനോദ് ശിവരാമന്‍(പൈലറ്റ്, ഇന്റിഗോ), ഡോ. മുരളി.

