വിനോദ സഞ്ചാര മേഖലയിൽ സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ ലക്ഷ്യം കണ്ടു: മുഖ്യമന്ത്രി പിണറായി വിജയൻ
ഗേറ്റ് വേ ബേക്കല്‍ പ്രീമിയര്‍ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് ഉദ്ഘാടനം ചെയ്തു
വിനോദ സഞ്ചാര മേഖല കോവിഡ് പ്രതിസന്ധി മറികടന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് മഹാമാരികാലത്ത് വിനോദ സഞ്ചാര മേഖലയില്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ റിവോള്‍വിങ് ഫണ്ട് പാക്കേജ്, ടൂറിസം എംപ്ലോയ്‌മെന്റ് സപ്പോര്‍ട്ട് സ്‌കീം, ടൂറിസം ഹൗസ്‌ബോട്ട് സര്‍വ്വീസ് സ്‌കീം എന്നിങ്ങനെ വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി. അവയെല്ലാം ഫലം കണ്ടു എന്നാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ കാര്യത്തില്‍ 2024ന്റെ ആദ്യ ആറ് മാസങ്ങളില്‍ തന്നെ ഒന്നര കോടിയോളം വിനോദ സഞ്ചാരികള്‍ കേരളത്തിലെത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കേരളത്തിന്റെ ഉത്തര വാദത്ത ടൂറിസം പദ്ധതി, ബയോഡൈവേഴ്‌സിറ്റി പദ്ധതികള്‍, നോര്‍ത്ത് മലബാര്‍ ടൂറിസം സര്‍ക്യൂട്ട്,പില്‍ഗ്രിം ടൂറിസം, ഹെറിറ്റേജ് ടൂറിസം ഇവയെല്ലാംവളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗേേറ്റ് വേ പ്രീമിയര്‍ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ബേക്കല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പദ്ധതിക്ക് കീഴിലാണ് റിസോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 1995ല്‍ ബി.ആര്‍. ഡി.സി രൂപീകരിക്കുന്നതിന് മുന്‍പ് 50000 സഞ്ചാരികള്‍ എത്തികൊണ്ടിരുന്ന ബേക്കലില്‍ ഇന്ന് അഞ്ച് ലക്ഷത്തില്‍ അധികം ആളുകള്‍ എത്തുന്നുണ്ടെന്ന് മുഖ്യ മന്ത്രി പറഞ്ഞു. ബേക്കല്‍ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് 32 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 150 കോടിയുടെ നിക്ഷേപമാണ് ഇത്. ഫെബ്രുവരിയില്‍ നടക്കാന്‍ പോകുന്ന ഇന്‍വെസ്റ്റേഴ്സ് മീറ്റി ലേക്ക് വ്യവസായ പ്രമുഖരെ മുഖ്യമന്ത്രി ക്ഷണിച്ചു.
ആഭ്യന്തര വരുമാനത്തിന്റെ 10 ശതമാനത്തില്‍ അധികം വിനോദ സഞ്ചാരമേഖലയില്‍ നിന്നാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ ഉള്ള സംസ്ഥാനമായി കേരളം മാറി. ഹോസ്പിറ്റാലിറ്റിയും വിനോദ സഞ്ചാര മേഖലയും തമ്മില്‍ വലിയ ബന്ധമാണുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
ബേക്കല്‍ ടൂറിസം പ്രൊജക്ടിന് കീഴിലായി മാലംകുന്ന്, ബേക്കലില്‍ ഗേറ്റ് വേ ബേക്കല്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍എം.പി, എം.എല്‍.എ മാരായ ഇ.ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍, ടൂറിസം-പൊതുമരാമത്ത് വിഭാഗം സെക്രട്ടറി കെ ബിജു, ഐ.എച്ച്.സി.എല്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് സത്യജിത്ത് കൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം വ്യവസായികള്‍ക്ക് വലിയ പ്രതീക്ഷയും ആത്മവിശ്വാസവുമാണ് നല്‍കുന്നതെന്നും താന്‍ അത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഗോപാലന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. സി. പ്രഭാകരന്‍ പറഞ്ഞു. വളരെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനം കേരളത്തിന്റെ സവിശേഷതയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പല സംസ്ഥാനങ്ങളിലും അവസ്ഥ ഇതുപോലെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഗേറ്റ് വേ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ലേ ടാറ്റ ഗേറ്റ് വേ ബ്രാന്റ് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന്‍,അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍, കാസര്‍കോട് ജില്ലാ പഞ്ചായത്തംഗം ഗീത കൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പ ശ്രീധരന്‍, ഉദുമ ഗ്രാമ പഞ്ചായത്തംഗം പി സുധാകരന്‍, തുടങ്ങിയവര്‍ സംസാരിച്ചു. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ സ്വാഗതവും ബി.ആര്‍.ഡി.സി എം.ഡി പി ഷിജിന്‍ നന്ദിയും പറഞ്ഞു.