കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ സംഘട്ടനം; എട്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ അത്യാഹിത വിഭാഗത്തിലും കോമ്പൗണ്ടിലും സംഘട്ടനത്തിലേര്‍പ്പെട്ട സംഭവത്തില്‍ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട് ബാരയിലെ പി.ടി ഷബീര്‍ അലി(28), ചെമ്മനാട് കൊമ്പനടുക്കം കാങ്കുഴിയിലെ പി. ജഗദീഷ് കുമാര്‍(34), കീഴൂര്‍ പടിഞ്ഞാറിലെ അഹമ്മദ് ഷാനവാസ്(25), കൊമ്പനടുക്കത്തെ സി.കെ അജേഷ്(27), കീഴൂര്‍ കടപ്പുറത്തെ എസ്. അബ്ദുല്‍ ഷഫീര്‍(31), മുഹമ്മദ് അഫ്നാന്‍(19), സയ്യിദ് അഫ്രീദ്(27), ഡി.എം കുഞ്ഞഹമ്മദ്(36) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഡോ. മുഹമ്മദ് നിസാറിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. കഴിഞ്ഞ ദിവസം രാത്രി കീഴൂര്‍ പടിഞ്ഞാറില്‍ മുന്‍ വിരോധത്തെ തുടര്‍ന്ന് രണ്ട് സംഘങ്ങള്‍ സംഘട്ടനത്തിലേര്‍പ്പെട്ടിരുന്നു. പരിക്കേറ്റ രണ്ടുപേരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ അക്രമിച്ച സംഘം പിന്നാലെ ആസ്പത്രിയിലെത്തി അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കുകയും വീണ്ടും അക്രമം നടത്തുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ സംഘം തള്ളിമാറ്റി. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സംഘം ആസ്പത്രി കോമ്പൗണ്ടിലെത്തിയും അക്രമം തുടര്‍ന്നു. വിവരമറിഞ്ഞ് കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി. നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് അക്രമം നടത്തിയ എട്ടുപേരെ കസ്റ്റഡിയിലെടുത്തത്.

