ചെങ്കളയില്‍ ഇനി 'വസന്ത'കാലം

കാസര്‍കോട്: മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ വിജയത്തോടെ അവിസ്മരണീയമായി യു.ഡി.എഫ് നിലനിര്‍ത്തിയ ചെങ്കള ഗ്രാമ പഞ്ചായത്തില്‍ വസന്തന്‍ അജക്കോട് പ്രസിഡണ്ടാവും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രസിഡണ്ട് പദവി സംവരണം ചെയ്ത പഞ്ചായത്തില്‍ ഈ വിഭാഗത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക അംഗം കൂടിയാണ് വസന്തന്‍. പൊതു പ്രവര്‍ത്തകനായ വസന്തനെ 21-ാം വാര്‍ഡായ പടിഞ്ഞാര്‍മൂലയിലാണ് ലീഗ് മത്സരിപ്പിച്ചത്.

എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. മധുരാജിനെ 634 വോട്ടുകള്‍ക്കാണ് വസന്തന്‍ പരാജയപ്പെടുത്തിയത്. പൊതു പ്രവര്‍ത്തന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന വസന്തനെ നെഹ്‌റു യുവ കേന്ദ്രയുടെ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡും ലഭിച്ചിരുന്നു. സഹകരണ രംഗത്തും ദളിത് സംഘടനയുടെ നേതൃനിരയിലും ക്ലബ്ബ് സാരഥിയായും പ്രവര്‍ത്തിക്കുന്നു. 24 വാര്‍ഡുകളുള്ള ചെങ്കള പഞ്ചായത്തില്‍ നിലവില്‍ യു.ഡി.എഫിന് 19 അംഗങ്ങളും എല്‍.ഡി.എഫിന് 4 അംഗങ്ങളുമാണുള്ളത്. ലീഗ് റിബലായി എല്‍.ഡി.എഫിന്റെ പിന്തുണയോടെ ജയിച്ച ഒരംഗവുമുണ്ട്. വരുമാനത്തിലും ജനസംഖ്യയിലും ജില്ലയില്‍ ഒന്നാമതുള്ള ചെങ്കളയെ ഇനി വസന്തന്‍ നയിക്കും.

ചെങ്കളയില്‍ ഇടത് നേതാക്കളുടെ വാര്‍ഡില്‍ യു.ഡി.എഫിന് വമ്പന്‍ ഭൂരിപക്ഷമുണ്ടായത് ചര്‍ച്ചയാവുന്നു

ചെര്‍ക്കള: യു.ഡി.എഫ് വന്‍ വിജയം നേടിയ ചെങ്കള പഞ്ചായത്തില്‍ സി.പി.എം നേതാക്കളുടെ വാര്‍ഡുകളില്‍ യു.ഡി.എഫ് വന്‍ ഭൂരിപക്ഷം നേടിയത് ചര്‍ച്ചയാവുന്നു. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് പുത്തിഗെ ഡിവിഷനിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ കെ.എ മുഹമ്മദ് ഹനീഫയുടെ വാര്‍ഡായ പടിഞ്ഞാര്‍മൂലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിച്ചത് 634 വോട്ടുകള്‍ക്കാണ്. കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്വതന്ത്ര വിജയിച്ച വാര്‍ഡാണിത്. യു.ഡി.എഫിലെ വസന്തന്‍ അജക്കോടാണ് തിരിച്ചുപിടിച്ചത്. സി.പി.എം ഏരിയാ സെക്രട്ടറി ടി.എം.എ കരീമിന്റെ വാര്‍ഡായ പാണലം വാര്‍ഡില്‍ യു.ഡി.എഫിലെ ഫായിസ നൗഷാദ് നേടിയത് മിന്നും ജയം. കഴിഞ്ഞ തവണ ഫായിസ നൗഷാദ് 34 വോട്ടുകള്‍ക്ക് വിജയിച്ച വാര്‍ഡില്‍ 658 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. രണ്ടിടത്തും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടുകളേക്കാള്‍ ഭൂരിപക്ഷം യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നേടി എന്നതും ശ്രദ്ധേയമാണ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it