ശബരിമല ക്ഷേത്രം കൊള്ളയില്‍ സി.ബി.ഐ അന്വേഷണം വേണം -രമേശ് ചെന്നിത്തല

കാസര്‍കോട്: ശബരിമല ക്ഷേത്രം കൊള്ളയ്ക്ക് പിന്നില്‍ വന്‍ ശക്തികളാണെന്നും ഇത് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു. വിവിധ പരിപാടികള്‍ക്ക് ജില്ലയിലെത്തിയ അദ്ദേഹം കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കടത്തികൊണ്ട് പോയതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അന്താരാഷ്ട്ര ബന്ധമുള്ള സ്വര്‍ണ്ണകടത്താണ് ശബരിമലയില്‍ നടന്നത്. ഇതൊക്കെ സംഭവിച്ചത് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭരണകാലത്താണ്. സ്വര്‍ണ്ണകടത്തിന് പിന്നില്‍ ദേവസ്വം പ്രസിഡണ്ട് മാത്രമാണെന്ന് കരുതാന്‍ കഴിയില്ല. ദേവസ്വം മന്ത്രി അടക്കം ഇതിന് ഉത്തരം പറയേണ്ടതുണ്ട്. ഒരു ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിനെ മാത്രം മാറ്റിയത്‌കൊണ്ട് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. പൊലീസ് അന്വേഷിച്ചാല്‍ പല കുറ്റവാളികളും രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകും. അതുകൊണ്ട് സി.ബി.ഐ. അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുവരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടാണ് തെളിയിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സ ലഭിക്കണമെങ്കില്‍ കൈക്കൂലി കൊടുക്കണമെന്ന സ്ഥിതി വിശേഷം വേദനാജനകമാണ്. ആരോഗ്യരംഗത്ത് കേരളം നമ്പര്‍ വണ്‍ ആണെന്ന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ വാദം പൊള്ളയാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അവസ്ഥ തെളിയിക്കുന്നു. രോഗിയുടെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് രാജിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. രാവിലെ കാട്ടുകുക്കെയില്‍ കുമ്പള ഗാന്ധി ദേവപ്പ ആള്‍വയുടെ 125-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു.

എന്‍മകജെയിലെ ഷേണി രാജീവ് ഭവന്‍ ഉദ്ഘാടനം, ബദിയടുക്ക ഗുരുസദന്‍ ഹാളില്‍ ബദിയടുക്ക പഞ്ചായത്ത് യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം, ബോവിക്കാനം സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍, ഉദുമയില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ സമ്മേളനം അടക്കമുള്ള പരിപാടികളിലാണ് ചെന്നിത്തല സംബന്ധിക്കുന്നത്. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, കെ. നീലകണ്ഠന്‍, എ. ഗോവിന്ദന്‍ നായര്‍ അടക്കമുള്ളവര്‍ ഒപ്പമുണ്ടായിരുന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it