കാഴ്ചയുടെ കാര്‍ണിവല്‍ ഒരുക്കാന്‍ ബേക്കല്‍; ബീച്ച് കാര്‍ണിവലിന് 21ന് തുടക്കമാകും

ഡിസംബര്‍ 21 മുതല്‍ 31വരെ നടക്കുന്ന ബേക്കല്‍ ബീച്ച് കാര്‍ണിവലില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്

കാസര്‍കോട്; കാഴ്ചയുടെയും വിനോദത്തിന്റെയും വിസ്മയം തീര്‍ക്കാന്‍ ബേക്കല്‍ ബീച്ച് കാര്‍ണിവലിന്റെ മൂന്നാം പതിപ്പിന് ഡിസംബര്‍ 21ന് തുടക്കമാകും. ബി.ആര്‍.ഡി.സി (ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍) യുടെ സഹകരണത്തോടെ ബേക്കല്‍ ബീച്ച് പാര്‍ക്ക്, റെഡ് മൂണ്‍ ബീച്ച് പാര്‍ക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 15ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ദീപശിഖ ഉയര്‍ത്തും.

ഡിസംബര്‍ 31 വരെ നീളുന്ന കാര്‍ണിവലില്‍ വൈവിധ്യമാര്‍ന്ന കാഴ്ച വിരുന്നുകളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഗായകരും നര്‍ത്തകരും വിവിധ ദിവസങ്ങളില്‍ വേദിയിലെത്തും.കാര്‍ണിവല്‍ ഡെക്കറേഷന്‍, സ്ട്രീറ്റ് പെര്‍ഫോര്‍മന്‍സ്, 30,000 ചതുരശ്ര അടിയില്‍ പെറ്റ് ഫോസ്റ്റ്, 30 ഓളം ഇന്‍ഡോര്‍ ഗെയിമിന്റെ ആര്‍ക്കേഡ് ഗെയിംസ്, കപ്പിള്‍ സ്വിംഗ്, സ്‌കൈ സൈക്കിളിംഗ്, വാള്‍ ക്ലൈമ്പിംഗ്, സിപ് ലൈന്‍, സ്പീഡ് ബോട്ട്, ഫ്ളോട്ടിംഗ് ബ്രിഡ്ജ്, ഫുഡ് കോര്‍ട്ട്, പുരാവസ്തുക്കളുടെയും മിലിറ്ററി ഉപകരണങ്ങളുടെയും പ്രദര്‍ശനം, സ്റ്റുഡിയോ, അമ്യൂസ്മെന്റുകള്‍, ഓട്ടോ എക്സ്പോ, ഫുഡ്സ്ട്രീറ്റ്, ഷോപ്പിംഗ് സ്ട്രീറ്റ് തുടങ്ങിയവയും കാര്‍ണിവലിനെത്തുന്നവര്‍ക്ക് വിനോദം പകരും. യുംന, സിയാഹുല്‍ ഹക്ക്, ഹിഷാം അങ്ങാടിപ്പുറം, റാംപ്സോഡി ബാന്റ്, ശ്രീ ലക്ഷ്മി ശങ്കര്‍ ദേവ്, ആതില്‍ അത്തു-സീനത്ത്, കൗഷിക്ക്, ലക്ഷ്മി ജയന്‍, മ്യൂസിക്ക് ഡ്രോപ്സ്, ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ മ്യൂസിക്കല്‍ നൈറ്റ്, ലേഡി ഡി.ജെ.-മിസ്രി ബാന്റ്-ചെണ്ട തുടങ്ങിയവരുടെ പരിപാടികളാണ് വിവിധ ദിവസങ്ങളിലയി ഒരുക്കിയിരിക്കുന്നത്.

ബീച്ച് പാര്‍ക്ക് സ്ഥിതി ചെയ്യുന്ന 23 ഏക്കറും ചുറ്റുവട്ടത്തുള്ള സ്വകാര്യ ഭൂമിയും കാര്‍ണിവലിനും പാര്‍ക്കിംഗിനുമായി ഉപയോഗിക്കും.പ്രവേശന ടിക്കറ്റ് നിരക്ക് ഇത്തവണ 50 രൂപയാണ് . ബേക്കല്‍ ബീച്ച് കാര്‍ണിവലിനെ കുറിച്ചറിയാന്‍ 8590201020 എന്ന നമ്പറില്‍ വാട്സ് ആപ്പ് സന്ദേശമയക്കുന്ന ചാറ്റ് ബോട്ട് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചാറ്റ് ബോട്ടില്‍ രജിസ്റ്റര്‍ ചെയ്ത് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുത്ത ഭാഗ്യശാലികള്‍ക്ക് 10 സ്മാര്‍ട്ട് വാച്ചുകളും മൊഗാ സമ്മാനമായി ഐഫോണ്‍-16 ഉം നല്‍കും.

ബേക്കല്‍ ബീച്ച് പാര്‍ക്ക് ഡയറക്ടര്‍ അനസ് മുസ്തഫ, റെഡ് മൂണ്‍ ബീച്ച് മാനേജിംഗ് ഡയറക്ടര്‍ ശിവദാസ് കീനേരി, ബേക്കല്‍ ബീച്ച് കാര്‍ണിവല്‍ ഇവന്റ് കോര്‍ഡിനേറ്റര്‍ സൈഫുദ്ദീന്‍ കളനാട് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it