ന്യൂറോ സര്‍ജറിയില്‍ ചരിത്രമെഴുതി ആസ്റ്റര്‍ മിംസ്; 77കാരിക്ക് 'എവേക് ക്രാനിയോട്ടമി' ശസ്ത്രക്രിയ

കാസര്‍കോട്: സാധാരണയായി മെട്രോ നഗരങ്ങളിലെ വലിയ ന്യൂറോ സര്‍ജറി കേന്ദ്രങ്ങളില്‍ മാത്രം കണ്ടുവരുന്ന, അത്യന്തം സങ്കീര്‍ണ്ണമായ എവേക് ക്രാനിയോട്ടമി ശസ്ത്രക്രിയ കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആസ്പത്രി സി.ഒ.ഒ ഡോ. സോയ് ജോസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 77 വയസുള്ള സ്ത്രീക്കാണ് ഈ ശസ്ത്രക്രിയയിലൂടെ ജീവന്‍ രക്ഷിക്കുന്ന ചികിത്സ ലഭ്യമാക്കിയത്. ഇതോടെ ജില്ലയിലെ ന്യൂറോസര്‍ജറി സേവനങ്ങള്‍ക്ക് പുതിയ അധ്യായം തുറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രോഗിയുടെ സംസാരശേഷിയും ചലനങ്ങളും നിയന്ത്രിക്കുന്ന തലച്ചോറിലെ നിര്‍ണ്ണായക ഭാഗങ്ങളുടെ സമീപത്തായിരുന്നു ട്യൂമര്‍ സ്ഥിതി ചെയ്തിരുന്നത്. ഈ ട്യൂമര്‍ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനാണ് അതിസങ്കീര്‍ണ്ണമായ എവേക് ക്രാനിയോട്ടമി നടത്തിയത്. ന്യൂറോസര്‍ജന്‍ ഡോ. പി.എസ് പാവ്മാന്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി.
പത്രസമ്മേളനത്തില്‍ ആസ്റ്റര്‍ മിംസ് ആസ്പത്രിയിലെ അനസ്‌തേഷ്യ വിഭാഗം തലവന്‍ ഡോ. മുഹമ്മദ് അമീന്‍, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ ഡോ. അമിത്ത് ശ്രീധരന്‍, ബിസിനസ് ഡെവെലപ്‌മെന്റ് തലവന്‍ വി.വി വിജീഷ് എന്നിവരും പങ്കെടുത്തു.

