അബ്ദുല്‍ സലാം കൊലപാതകം: ആറ് പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാവിധി തിങ്കളാഴ്ച

കാസര്‍കോട്: മൊഗ്രാല്‍പേരാല്‍ പൊട്ടോഡി മൂലയിലെ അബ്ദുല്‍ സലാമിനെ (22) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ആറ് പേര്‍ കുറ്റക്കാരാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) കണ്ടെത്തി. രണ്ട് പേരെ കേസില്‍ വെറുതെ വിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. കുമ്പള ബദ്‌രിയ നഗറിലെ മാങ്ങാമുടി സിദ്ദിഖ് (46), ഉമ്മര്‍ ഫാറൂഖ് (36), പെര്‍വാഡിലെ സഹീര്‍ (36), പേരാലിലെ നിയാസ് (28), പെര്‍വാഡ് കോട്ടയിലെ ലത്തീഫ് ( 42), ആരിക്കാടി ബംബ്രാണയിലെ ഹരീഷ് (36) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിലുള്‍പ്പെട്ട അരുണ്‍കുമാര്‍, ഖലീല്‍ എന്നിവരെ വെറുതെ വിട്ടു.

2017 ഏപ്രില്‍ 30ന് വൈകീട്ടാണ് അബ്ദുല്‍ സലാം മൊഗ്രാല്‍ മാളിയങ്കര കോട്ടയില്‍ വെച്ച് കൊല്ലപ്പെടുന്നത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. സലാമിനൊപ്പം ഉണ്ടായിരുന്ന നൗഷാദിനും കുത്തേറ്റിരുന്നു.കുമ്പള മുന്‍ പഞ്ചായത്ത് അംഗം ബി.എ മുഹമ്മദിന്റെ മകന്‍ പേരാല്‍, പൊട്ടോരിയിലെ ശഫീഖിനെ കൊലപ്പെടുത്തിയ കേസിലും കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വാഹനം കത്തിച്ച കേസിലും പ്രതിയായിരുന്നു കൊല്ലപ്പെട്ട അബ്ദുല്‍ സലാം. സലാമിന്റെ നേതൃത്വത്തിലുള്ള സംഘം, പ്രതിയായ മാങ്ങാമുടി സിദ്ദിഖിനെ വീടു കയറി അക്രമിച്ചിരുന്നു. ഇതാണ് സലാമിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍ .

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it