കൊച്ചിയില്‍ കാസര്‍കോട് സ്വദേശിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് സംശയം

കാസര്‍കോട്: കൊച്ചിയില്‍ കാസര്‍കോട് സ്വദേശിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണും സാധനങ്ങളുമടങ്ങിയ ബാഗും തട്ടിയെടുത്ത ശേഷം വഴിയില്‍ തള്ളുകയും ചെയ്തു. കാസര്‍കോട് കിഴക്കേക്കര തവയ്ക്കല്‍ മന്‍സിലില്‍ മുഹമ്മദ് ഷാഫിയെ(40)യാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. ദുബായില്‍ നിന്നുമുള്ള വിമാനത്തില്‍ നിന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ മുഹമ്മദ് ഷാഫി ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ നിന്ന് പ്രീ പെയ്ഡ് ടാക്സി കൗണ്ടറിലേക്ക് പോകുമ്പോള്‍ പിന്നില്‍ നിന്ന് വന്ന സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലമായി കാറില്‍ കയറ്റുകയായിരുന്നു. കാറില്‍ മറ്റ് മൂന്നുപേര്‍ കൂടിയുണ്ടായിരുന്നു. കാറില്‍ വെച്ച് സ്വര്‍ണ്ണം എവിടെയെന്ന് ചോദിച്ചത് സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ഒരു ലക്ഷം രൂപ വില വരുന്ന ഐ ഫോണും ഹാന്‍ഡ് ബാഗും സാധനങ്ങള്‍ കൊണ്ടുപോകുന്ന പെട്ടിയും സംഘം തട്ടിയെടുക്കുകയും ചെയ്തു. പല സ്ഥലങ്ങളിലും മുഹമ്മദ് ഷാഫിയെയും കൊണ്ട് കാര്‍ കറങ്ങുകയും പുലര്‍ച്ചെ 2.30 മണിയോടെ ആലുവ പറവൂര്‍ കവലയില്‍ ഇറക്കിവിടുകയുമായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. ദുബായ് അജ്മാനിലെ കഫ്റ്റീരിയയില്‍ ഡെലിവറി ബോയ് ആയാണ് മുഹമ്മദ് ഷാഫി ജോലി ചെയ്യുന്നത്. 2024 മെയ് മാസത്തിലാണ് ഒടുവില്‍ നാട്ടിലെത്തി തിരിച്ചുപോയത്. ആദ്യമായാണ് കൊച്ചി വിമാനത്താവളം വഴി വരുന്നത്. മുഹമ്മദ് ഷാഫിയുടെ പരാതിയില്‍ ആലുവ പൊലീസ് കേസെടുക്കുകയും ഡി.വൈ.എസ്.പി പി.കെ രാജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിക്കുകയും ചെയ്തു. സംഭവത്തിന് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

