ബേഡഡുക്കയില്‍ ഒരുങ്ങുന്നത് ആധുനിക സൗകര്യങ്ങളോടെയുള്ള ആട് ഫാം; സെപ്തംബര്‍ അവസാനവാരം തുറക്കും

കാസര്‍കോട്: സംസ്ഥാന തലത്തില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടെയും ശാസ്ത്രീയമായ ആടുവളര്‍ത്തല്‍ കേന്ദ്രം തുടങ്ങുന്നതിന് 2016-17 വര്‍ഷത്തില്‍ റവന്യൂ വകുപ്പില്‍ നിന്ന് ഉദുമ മണ്ഡലത്തിലെ ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരില്‍ 22.74 ഏക്കര്‍ സ്ഥലത്ത് സംസ്ഥാന സര്‍ക്കാരിന്റെയും കാസര്‍കോട് വികസന പാക്കേജിന്റെയും ധനസഹായത്തോടുകൂടി നിര്‍മ്മിച്ച ആട് ഫാമിന്റെ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍. നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് ആട് ഫാം സെപ്തംബര്‍ അവസാനവാരം തുറന്നു പ്രവര്‍ത്തിക്കുമെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ. അറിയിച്ചു. ആട് ഫാം നിര്‍മ്മാണ പുരോഗതി വിലയിരുത്തണമെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ. മന്ത്രിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്ന് നിര്‍മ്മാണ പുരോഗതി വിലയിരുത്തി. തുടക്കത്തില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ തസ്തിക പുനര്‍വിന്യസിച്ച് ഫാം പ്രവര്‍ത്തനം ആരംഭിക്കും. താല്‍കാലികാടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന പരിസരവാസികളായ തൊഴിലാളികളെ നിയമിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ആവശ്യമായ തസ്തികകള്‍ പിന്നീട് സൃഷ്ടിക്കും. ഇനി പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള അവസാനഘട്ട പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ചതിന് ശേഷം ആടുകളെ എത്തിച്ച് ഫാം പ്രവര്‍ത്തനം ആരംഭിക്കും. തുടക്കത്തില്‍ 200 ആടുകളും പിന്നീട് 1000 ആടുകളും എന്ന ലക്ഷ്യത്തില്‍ എത്താനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കേരള ലൈവ് സ്റ്റോക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ബോര്‍ഡ് മുഖേനയാണ് ആടുകളെ വാങ്ങുക. ഇത് കൂടാതെ പ്രാദേശിക ബ്രീഡുകളില്‍പ്പെട്ട ആടിനങ്ങളെയും വാങ്ങുന്ന കാര്യം പരിഗണിക്കുന്നതായി യോഗം വിലയിരുത്തി. 2027 ഓടെ ഫാം പൂര്‍ണ്ണമായ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.എച്ച് കുഞ്ഞമ്പു എം. എല്‍.എ, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി, ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍, കാസര്‍കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, കെ.എല്‍.ഡി. ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it