ബേവൂരില്‍ ഡിസംബര്‍ 3 മുതല്‍ നാടക കാലം.. കെ.ടി മുഹമ്മദ് സംസ്ഥാനതല പ്രൊഫഷണല്‍ നാടക മത്സരം

അഞ്ചാമത് കെ.ടി മുഹമ്മദ് സംസ്ഥാനതല പ്രൊഫഷണല്‍ നാടക മത്സരവും ജില്ലാതല അമേച്വര്‍ നാടക പ്രദര്‍ശനവും ഡിസംബര്‍ 3 മുതല്‍ ഏഴ് വരെ

കാസര്‍കോട്; നാടകാചാര്യന്‍ കെ.ടി മുഹമ്മദിന്റെ പേരില്‍ ഉദുമ ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന അഞ്ചാമത് സംസ്ഥാനതല പ്രൊഫഷണല്‍ നാടക മത്സരവും ജില്ലാതല അമേച്വര്‍ നാടക പ്രദര്‍ശനവും ഡിസംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഡിസംബര്‍ മൂന്നിന് വൈകീട്ട് 6.30ന് സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. ഐ.വി ദാസ് പുരസ്‌കാര ജേതാവ് അഡ്വ. പി അപ്പുക്കുട്ടന്‍, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനതല നാടക മത്സരത്തില്‍ മികച്ച നടനായി തിരഞ്ഞെടുത്ത സി. കെ രാജേഷ് റാവു, സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ സീനിയര്‍ വിഭാഗത്തില്‍ വേഗമേറിയ താരം രഹ്ന രഘു എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി നടക്കുന്ന ജ്യോതി പ്രയാണം വൈകിട്ട് നാലിന് ടി.കെ അഹമ്മദ്ഷാഫി നഗറില്‍ നിന്ന് ആരംഭിക്കും.രാത്രി 7.30ന് തിരുവനന്തപുരം നവോദയുടെ നാടകം 'കലുങ്ക്' അരങ്ങേറും.

ഡിസംബര്‍ നാലിന് വൈകിട്ട് മഞ്ഞണിപ്പൂനിലാവ് എന്ന പേരില്‍ പി. ഭാസ്‌ക്കരന്‍ ജന്മശദാബ്ദി ആഘോഷം നടക്കും. പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് തിരുവനന്തപുരം ശ്രീനന്ദനയുടെ 'യാനം' നാടകം വേദിയിലെത്തും.

ഡിസംബര്‍ അഞ്ചിന് വൈകിട്ട് 5ന് 'മാധ്യമങ്ങളുടെ രാഷ്ട്രീയം' സെമിനാര്‍ മാധ്യമ പ്രവര്‍ത്തകന്‍ പി.വി കുട്ടന്‍ ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവര്‍ത്തകരായ വി.വി പ്രഭാകരന്‍, വിനോദ് പായം, അബ്ദുള്ളകുഞ്ഞി ഉദുമ എന്നിവര്‍ സംസാരിക്കും. വിവര്‍ത്തന സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എ. എം ശ്രീധരനെ ചടങ്ങില്‍ ആദരിക്കും. രാത്രി ആലപ്പുഴ സൂര്യകാന്തിയുടെ 'കല്ല്യാണം' നാടകം.

ഡിസംബര്‍ ആറിന് വൈകിട്ട് 5ന് സാംസ്‌കാരിക സായാഹ്നം കവി ദിവാകരന്‍ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്യും. ഡോ. സന്തോഷ് പനയാല്‍ പ്രഭാഷണം നടത്തും. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് വി. ശശി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും അനുമോദിക്കും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട്ടര്‍ മധുസൂധനന്‍ ഉപഹാരം നല്‍കും. രാത്രി 7.30ന് കോഴിക്കേട് രംഗമിത്രയുടെ 'മഴവില്ല്' നാടകം അരങ്ങേറും.

ഏഴിന് വൈകിട്ട് 5ന് സമാപന സമ്മേളനം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ പി.വി ഷാജി കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. നാടക മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കും. രാത്രി 7.30ന് അമേചര്‍ നാടക പ്രദര്‍ശനം നടക്കും. ചന്ദ്രഗിരി കലാസമിതിയുടെ 'ബസുമതി' എന്ന നാടകവും 8.30ന് സൗഹൃദ വായനശാലയുടെ 'മൂരികള്‍ ചുരമാന്തുമ്പോള്‍' എന്ന നാടകവും അരങ്ങേറും.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it