നിരോധിത നോട്ടിടപാട്: പ്രതികളുടെ കസ്റ്റഡി കലാവധി ഇന്ന് അവസാനിക്കും
പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

വിജയന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധന
കാസര്‍കോട്: നിരോധിത നോട്ട് ഇടപാടുമായി ബന്ധപ്പെട്ടുള്ള കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരം. പ്രതികളുടെ കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കും. ഇതിന് മുമ്പ് തന്നെ കേസുമായി ബന്ധപ്പെട്ട പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. കസ്റ്റഡി കാലാവധി നീട്ടുന്നതിനുള്ള അപേക്ഷയും ഇന്ന് നല്‍കുമെന്ന് അറിയുന്നു. കേസില്‍ പിടിയിലായ പ്രതികളുമായി പൊലീസ് ഇന്നലെ പള്ളിക്കരയിലെ സ്വകാര്യ ലോഡ്ജില്‍ പരിശോധന നടത്തി. നോട്ടിടപാട് നടത്താന്‍ പ്രതികള്‍ തീരുമാനിച്ചിരുന്നത് ഇവിടെയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതുമായി ബന്ധപ്പെട്ട തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അറസ്റ്റിലായ ആന്ധ്രപ്രദേശ് ചെന്നറെഡ്ഡിപ്പള്ളിയിലെ സിദ്ധാന ഓംകാര്‍ (25) 15ന് ഇവിടെ താമസിച്ചതടക്കമുള്ള തെളിവുകളാണ് പൊലീസ് ശേഖരിച്ചത്. കാസര്‍കോട് ടൗണ്‍ എസ്.ഐ കെ. രാജീവന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അറസ്റ്റിലായ പ്രതിയുടെ വീട്ടില്‍ അന്വേഷണസംഘം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ അരക്കോടിയിലധികം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ കെ. വിജയന്റെ (55) ചെര്‍ക്കള കോലാച്ചിയടുക്കത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 2000, 1000 രൂപകളുടെ 26,000 കള്ളനോട്ടുകള്‍ കണ്ടെത്തിയത്. 2000, 1000 രൂപകളുടെ കളര്‍ പ്രിന്റും റിസര്‍വ് ബാങ്ക് പിന്‍വലിച്ച 500 രൂപയുടെ നോട്ടുകളുമാണ് കണ്ടെത്തിയത്. ഇടപാടുകാര്‍ക്ക് കൈമാറുന്നതിന് നൂറ് വീതം വരുന്ന കെട്ടുകളായാണ് നോട്ടുകള്‍ വീട്ടിലെ ഷെഡില്‍ ഒളിപ്പിച്ചിരുന്നത്. അഞ്ച് ദിവസം മുമ്പ് മേല്‍പ്പറമ്പ വള്ളിയോട്ടെ മുഹമ്മദ് ഹനീഫയെ ദേശീയപാതയോരത്തെ ഹോട്ടലിന് സമീപത്ത് നിന്ന് ആന്ധ്രാ രജിസ്‌ട്രേഷനിലുള്ള കാറില്‍ തട്ടിക്കൊണ്ടു പോയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിരോധിത നോട്ടിടപാട്, കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. സംഭവത്തില്‍ നാല് ആന്ധ്രാ സ്വദേശികളടക്കം എട്ട് പേരാണ് പിടിയിലായത്.

