പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ എം.ഡി.എം.എ കുടിവെള്ളത്തില്‍ കലക്കി; പിടിയിലായവര്‍ റിമാണ്ടില്‍

കാസര്‍കോട്: പൊലീസ് പരിശോധനയില്‍ പിടികൊടുക്കാതിരിക്കാനായി എം.ഡി.എം.എ കുടിവെള്ളത്തില്‍ കലക്കിയതായി കണ്ടെത്തി. എം.ഡി.എം.എയുമായി പിടിയിലായ യുവ എഞ്ചിനീയര്‍ അടക്കം മൂന്ന് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. ഇവര്‍ ഉപയോഗിച്ചിരുന്ന കാറില്‍ നിന്ന് 4.813 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് രാസലഹരിവസ്തു കലര്‍ത്തിയ 618 ഗ്രാം വെള്ളവും പിടിച്ചെടുത്തത്.
ചട്ടഞ്ചാല്‍ കുന്നാറയിലെ കെ. അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് അമീന്‍ (21), പള്ളിക്കര തൊട്ടിയിലെ ടി.എം. ഫൈസല്‍ (38) എന്നിവരാണ് റിമാണ്ടിലായത്.
കഴിഞ്ഞ ദിവസം രാത്രി പള്ളിക്കര കല്ലിങ്കാലില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. പള്ളിക്കര കല്ലിങ്കാലില്‍ ഫൈസലിന് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന സ്ഥാപനമുണ്ട്. ഇവിടം കേന്ദ്രീകരിച്ച് മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതായി എക്‌സൈസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥാപനം നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം കാറില്‍ മയക്കുമരുന്ന് എത്തിയതായി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചു. ഇതിന് പിന്നാലെ പരിശോധകസംഘം സ്ഥാപനം വളഞ്ഞു. പരിശോധകര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും സംഘം അകത്തുനിന്ന് അടച്ച കതക് തുറന്നില്ല. തുടര്‍ന്ന് ബലംപ്രയോഗിച്ച് കതക് തുറക്കുമെന്നറിയച്ചതോടെ കതക് തുറന്നുകിട്ടി. മണിക്കൂറുകളോളം മുറി മുഴുവന്‍ പരിശോധിച്ചിട്ടും മയക്കുമരുന്ന് കണ്ടെത്താനായില്ല. അവസാനമാണ് ഇവരുടെ മേശപ്പുറത്തുണ്ടായിരുന്ന കുപ്പിവെള്ളത്തിലേക്ക് പരിശോധകരുടെ ശ്രദ്ധ തിരിഞ്ഞത്. പിടിവീഴുമെന്ന് ഉറപ്പായതോടെ കൈവശമുണ്ടായിരുന്ന കുപ്പിവെള്ളത്തില്‍ ഇവര്‍ എം.ഡി.എം.എ കലക്കുകയായിരുന്നു. മുറിയില്‍ നിന്ന് ലഹരിവസ്തു കണ്ടെടുത്തതിന് പിന്നാലെ കാറിലുണ്ടായിരുന്ന മയക്കുമരുന്നും പിടിച്ചെടുത്തു. ഒരു മില്ലി ഗ്രാം മയക്കുമരുന്ന് മാത്രം വെള്ളത്തില്‍ കലര്‍ത്തിയാലും ആകെ വെള്ളത്തിന്റെ തൂക്കംതന്നെ മയക്കുമരുന്നായി കണക്കാക്കി കേസെടുക്കും. മയക്ക് മരുന്ന് വലിക്കാനുപയോഗിക്കുന്ന ഉപകരണവും കാറും പിടിച്ചെടുത്തു. കാസര്‍കോട് അസി. എക്‌സൈസ് കമ്മിഷണര്‍ പി.പി. ജനാര്‍ദനന്‍, കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.വി. സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. രാജേഷ്, പി.വി. ഷിജിത്ത്, പി. ശൈലേഷ് കുമാര്‍, സോനു സെബാസ്റ്റ്യന്‍, കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ദിനേശന്‍ കുണ്ടത്തില്‍, ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.വി. പ്രസന്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

