ബംഗളൂരു: സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിലെ ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയായിരുന്ന കര്‍ണാടക സര്‍ക്കാര്‍ സംഘപരിവാര്‍ സംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ണാടക നിയമസഭയില്‍ ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്ന നിയമം പാസാക്കി. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മിലുള്ള ചൂടേറിയ ചര്‍ച്ചകള്‍ക്കിടയിലാണ് നിയമസഭയില്‍ ബില്ല് പാസാക്കിയത്. ഇനി മുതല്‍ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് കോടതികളുടേയോ മറ്റ് നിയമസ്ഥാപനങ്ങളുടേയോ ഉത്തരവുകളുണ്ടായാല് പോലും സര്‍ക്കാര്‍ മതതാത്പര്യങ്ങള്ക്കനുസരിച്ചായിരിക്കും തീരുമാനമെടുക്കുക.
സുപ്രീം കോടതി ഉത്തരവനുസരിച്ച് കര്‍ണാടക സര്‍ക്കാര്‍ പൊതുസ്ഥലങ്ങളിലെ നിരവധി ക്ഷേത്രങ്ങള്‍ പൊളിച്ചുനീക്കിയിരുന്നു. ഇതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ സമരത്തിനിറങ്ങുകയും ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
മൈസൂരിലെ ക്ഷേത്രം പൊളിച്ചുമാറ്റിയ ശേഷം, ബിജെപി പുനര്‍നിര്‍മ്മാണത്തിനായി ഒരു പുതിയ നിയമം കൊണ്ടുവരികയാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആരോപിച്ചു. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ യു.ടി.ഖാദര്‍ ഇന്ത്യയില്‍ ആക്രമണകാരികള്‍ ചെയ്തതുപോലെ ബിജെപി ക്ഷേത്രങ്ങള്‍ പൊളിച്ചുമാറ്റിയതായി വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങളില്‍ വായിക്കാന്‍ പോവുകയാണെന്ന് കുറ്റപ്പെടുത്തി.
2010 മുതല്‍ 2019 വരെ മൈസൂരില്‍ 161 ക്ഷേത്രങ്ങളും മസ്ജിദുകളും ദര്‍ഗകളും തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.