ഒരുകോടി രൂപയും 300 പവനും മോഷണം: കള്ളന്‍ പിറ്റേന്നും ഇതേ വീട്ടില്‍ കയറി

കണ്ണൂര്‍: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വളപട്ടണത്തെ അരി മൊത്ത വ്യാപാരി മന്ന അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും കവര്‍ന്ന സംഭവത്തില്‍ പൊലീസിന് നിര്‍ണ്ണായകമായ ചില സൂചനകള്‍ ലഭിച്ചു. കവര്‍ച്ച നടന്നതിന്റെ തൊട്ടടുത്ത ദിവസവും കള്ളന്‍ ഇതേ വീട്ടില്‍ കയറിയതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. മോഷണത്തിന് പിന്നില്‍ വീട്ടുകാരെ നേരിട്ട് അറിയുന്നവര്‍ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമാണ് അന്വേഷണം നടക്കുന്നത്. വീടിനകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈവിരല്‍ അടയാളങ്ങളും കേസില്‍ നിര്‍ണ്ണായകമാണെന്ന് പൊലീസ് പറഞ്ഞു.അതേസമയം, മോഷണ കേസില്‍ മനുഷ്യവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംസ്ഥാനത്ത് വര്‍ധിക്കുന്ന മോഷണ ഭീതി അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്ന് പൊലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it