റോബിന്‍ വര്‍ഗീസ് രാജ് – മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രം മികച്ച അഭിപ്രായം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്. ഒടുമിക്ക കേന്ദ്രങ്ങളിലും ഹൗസ്ഫുള്‍ ആയതോടെ പലര്‍ക്കും ടിക്കറ്റ് കിട്ടാത്ത സാഹചര്യവുമുണ്ട്. കണ്ണൂര്‍ എസ്.പിക്ക് കീഴില്‍ ഉണ്ടായിരുന്ന യഥാര്‍ഥ കണ്ണൂര്‍ സ്‌ക്വാഡ് അന്വേഷിച്ച കേസുകളിലെ രണ്ട് കഥകള്‍ മാത്രമാണ് സിനിമയില്‍ പറയുന്നത്. ഇതില്‍ തന്നെ കാസര്‍കോട് തൃക്കരിപ്പൂരില്‍ നടന്ന ഒരു കൊലപാതകവും കവര്‍ച്ചയുമായി പ്രധാന കേസായി സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2013 ആഗസ്റ്റ് നാലിനാണ് തൃക്കരിപ്പൂര്‍ സ്വദേശിയും വ്യവസായിയുമായ അബ്ദുള്‍ സലാം ഹാജി അതിദാരുണമായി കൊല്ലപ്പെടുന്നത്. വീട്ടുകാര്‍ വലിയ തോതില്‍ ആക്രമിക്കപ്പെട്ടിരുന്നു. രാത്രി 11 മണിയോടെ വീട്ടിലേക്ക് അതിക്രമിച്ചെത്തിയ സംഘം കൊള്ള നടത്തുകയായിരുന്നു. വീട്ടില്‍ വലിയ തോതില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതിയായിരുന്നു കവര്‍ച്ചാ സംഘം എത്തിയത്.
ഏറെ നേരം ശ്രമിച്ചിട്ടും കൂടുതല്‍ പണം കണ്ടെത്താന്‍ സാധിക്കാതിരുന്നതെ സലാം ഹാജിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്കുശേഷം യു.എ.ഇ ദിര്‍ഹവും സ്വര്‍ണവുമടക്കം ഏഴര ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. ഭാര്യയെയും വീട്ടിലെ മറ്റംഗങ്ങളെയും ബന്ദിയാക്കി മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് കൊലയും കവര്‍ച്ചയും നടത്തിയത്.
പ്രതികള്‍ എല്ലാവരും തന്നെ ഹിന്ദിയിലായിരുന്നു സംസാരിച്ചത്. അതുകൊണ്ട് തന്നെ തുടക്കത്തില്‍ അന്യദേശക്കാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സലാം ഹാജിയുടെ വീട്ടില്‍ സി.സി.ടി.വി അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നെങ്കിലും സംഘം അതെല്ലാം പ്രവര്‍ത്തന രഹിതമാക്കിയിരുന്നു.
പ്രതികളില്‍ ഒരാളുടെ വിയര്‍പ്പ് തുള്ളിയില്‍ നിന്നും ഡി.എന്‍.എ സാമ്പിള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസില്‍ നിര്‍ണ്ണായകമായത്. പിന്നീട് അതിസാഹസിക ദൗത്യത്തില്‍ 6000 കിലോ മീറ്ററുകള്‍ താണ്ടി അലഹബാദില്‍ നിന്നടക്കമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ് പ്രതികളെ പിടികൂടിയത്. കേസില്‍ ഏഴ് പ്രതികളുടെ ഇരട്ട ജീവപര്യന്തം 2021 ല്‍ ഹൈക്കോടതി ശരിവച്ചിരുന്നു.
ഒന്നാംപ്രതി നീലേശ്വരം ആനച്ചാലിലെ സി കെ മുഹമ്മദ് നൗഷാദ് (37), രണ്ടാം പ്രതി തൃശ്ശൂര്‍ കീച്ചേരി ചിരാനെല്ലൂരിലെ ഒ എം അഷ്‌കര്‍ (31), മൂന്നാം പ്രതി നീലേശ്വരം കോട്ടപ്പുറത്തെ മുഹമ്മദ് റമീസ് എന്ന റമീസ് (28), നാലാംപ്രതി തൃശൂര്‍ കീച്ചേരി ചിരാനെല്ലൂരിലെ ഒ എം ഷിഹാബ് (33), അഞ്ചാപ്രതി കണ്ണൂര്‍ എടചൊവ്വയിലെ സി നിമിത്ത് (43) ആറാം പ്രതി മലപ്പുറം ചങ്കരംകുളത്തെ കെ പി അമീര്‍ (25), ഏഴാം പ്രതി മലപ്പുറം ആലംകോട് മാന്തളത്തെ എം.കെ ജസീര്‍ (22) എന്നിവരെയാണ് കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത്.
ഇതില്‍ അഷ്‌കറും ഷിഹാബും സഹോദരങ്ങളായിരുന്നു. ഇവരെയാണ് ഉത്തര്‍പ്രദേശിലെ അലഹബാദില്‍ നിന്നും അതിസാഹസികമായി കണ്ണൂര്‍ സ്‌ക്വാഡ് പിടികൂടുന്നത്. കവര്‍ച നടത്തിയത് ദക്ഷിണാഫ്രിക്കയില്‍ വ്യവസായം തുടങ്ങാന്‍ പണം കണ്ടെത്താനാണെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് വെളിപ്പെടുത്തിയതായി അന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും ചില മാറ്റങ്ങളോട് കൂടിയാണ് സിനിമ എത്തിയിരിക്കുന്നത്. സിനിമയില്‍ 10 ദിവസത്തിന്റെ അന്വേഷണമാണ് പറയുന്നതെങ്കില്‍ യഥാര്‍ത്ഥത്തില്‍ നടന്നത് 16 ദിവസം കഴിഞ്ഞാണ് പ്രതികളെ പിടികൂടുന്നതെന്നാണ് അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ ബേബി ജോര്‍ജ് വ്യക്തമാക്കുന്നത്. പൊലീസിന് പറയാന്‍ പറ്റാത്ത പല കാര്യങ്ങളുണ്ട്. അത് ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ പൊലീസിന്റെ ബുദ്ധിമുട്ട് സിനിമയില്‍ അങ്ങനെ തന്നെ കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ ബേബി ജോര്‍ജിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പി. വിനോദ് കുമാര്‍, കെ. മനോജ് കുമാര്‍, റാഫി മുഹമ്മദ്, സി.കെ. രാജശേഖരന്‍, സി. സുനില്‍കുമാര്‍, റെജി സ്‌കറിയ, കെ. ജയരാജന്‍ എന്നിവരാണ് യഥാര്‍ത്ഥ കണ്ണൂര്‍ സ്‌ക്വാഡിലുണ്ടായിരുന്നത്. 2007 മുതല്‍ 2017 വരെ ഒരു പതിറ്റാണ്ടുകള്‍ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രതികളെ അതിസാഹസികമായി പിടികൂടാന്‍ സംഘത്തിന് സാധിച്ചിരുന്നു.
ഷാഫി തെരുവത്ത്