കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലും പരിസരത്തും തെരുവ് നായ ശല്യം രൂക്ഷം

കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റു കോളേജിലും പരിസരത്തും തെരുവ്‌നായ ശല്യം. ഇതോടെ വിദ്യാര്‍ത്ഥികള്‍ ഭയപ്പാടില്‍ കഴിയുകയാണ്. ഗ്രൗണ്ടിലാണ് തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ വിഹരിക്കുന്നത്. പി.ജി ബ്ലോക്കിലെയും ബ്രിംഗ് ബ്ലോക്കിലെയും വിദ്യാര്‍ത്ഥികള്‍ പതിവായി നടന്നു പോകുന്ന സ്ഥലത്താണ് നായ ശല്യം. ഒരേ സമയം പത്തും പതിനഞ്ചും നായകള്‍ ഇവിടെ ഉണ്ടാകാറുണ്ട്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് പോകുന്ന വഴി കൂടിയാണിത്. നായകളെ ഭയന്ന് വിദ്യാര്‍ത്ഥികള്‍ ഗ്രൗണ്ടിലോ ഇതുവഴിയോ തനിച്ച് നടന്നു പോകാറില്ല.
കൂട്ടത്തോടെ നീങ്ങുമ്പോഴും നായകള്‍ പിന്നാലെ വന്ന് ആക്രമിക്കാന്‍ തുനിയാറുണ്ട്. കുട്ടികള്‍ ഇത് സംബന്ധിച്ച് നിരവധി തവണ കോളജ് അധികൃതരുടെ മുന്നില്‍ പ്രശ്‌നം ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുസരിച്ച് കോളേജ് അധികൃതര്‍ പ്രാദേശിക ഭരണകൂടത്തിലേക്ക് പരാതി നല്‍കാറുണ്ടെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. വിദ്യാര്‍ത്ഥികള്‍ക്ക് ഭയപ്പാടില്ലാതെ നടന്നു പോകാനുള്ള സാഹചര്യം അധികൃതര്‍ ഉണ്ടാക്കണമെന്ന് കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ട് മായ, എം.എസ്.എഫ് യൂനിറ്റ് ജനറല്‍ സെക്രട്ടറി ലുഖ്മാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.