പുതിയകോട്ടയില്‍ ശൗചാലയത്തിലെ മലിനജലം റോഡിലേക്കൊഴുകുന്നു; വീണ്ടും അടച്ചിട്ടു

കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ പൊതു ശൗചാലയത്തില്‍ നിന്ന് മലിനജലം റോഡിലേക്കൊഴുകുന്നത് ദുരിതമായി. സമീപത്തെ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് കവിഞ്ഞ് റോഡിലേക്ക് മലിനജലം ഒഴുകുന്നതിനാല്‍ ടൗണ്‍ ഹാള്‍, അഗ്‌നിരക്ഷാസേന ഓഫീസ്, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കുള്ള ഇടവഴിയില്‍ മലിനജലം കെട്ടികിടക്കുകയാണ്. ടാങ്ക് നിറഞ്ഞ് കവിഞ്ഞ് റോഡിലേക്ക് മലിനജലം ഒഴുകുമ്പോള്‍ ശൗചാലയം അടച്ചിടും. വീണ്ടും രണ്ട് ദിവസം പിന്നിടുമ്പോള്‍ തുറക്കും. ഇതിന് പരിഹാരം കാണാതെ വീണ്ടും ശൗചാലയം തുറക്കുന്നതാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഏതാനും ദിവസങ്ങളായി അടച്ചിട്ട ശൗചാലയം കഴിഞ്ഞദിവസം വീണ്ടും തുറന്നപ്പോഴാണ് ടാങ്ക് നിറഞ്ഞു കവിഞ്ഞ് മലിനജലം ഒഴുകിയത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടതിന് ശേഷം ശൗചാലയം തുറക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. നഗരസഭ ഓഫീസില്‍ അടുത്തായി സ്ഥിതി ചെയ്യുന്ന ശൗചാലയം ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കാത്ത വിധം നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത നഗരസഭ അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധമുയരുകയാണ്.