രാഹുല്‍ കീഴടങ്ങുമെന്ന അഭ്യൂഹം; ഹൊസ്ദുര്‍ഗ് കോടതി പരിസരത്ത് ഉദ്വേഗമുറ്റിനിന്ന മണിക്കൂറുകള്‍

കാഞ്ഞങ്ങാട്: യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന പരാതിയെത്തുടര്‍ന്ന് കേസില്‍ പ്രതിയായതിന് പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങുമെന്ന വിവരം പരന്നതോടെ കോടതി പരിസരം ഇന്നലെ രാവിലെ മുതല്‍ രാത്രി വരെ ഉദ്വേഗജനകമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ചില ചാനലുകള്‍ വാര്‍ത്ത ബ്രേയ്ക്ക് ചെയ്തതോടെയാണിത്. വിവരം പരന്നതോടെ നിരവധി ചാനല്‍ പ്രവര്‍ത്തകരും കോടതി പരിസരത്തെത്തി. അതിനിടെ കാസര്‍കോട് കോടതിയില്‍ ഹാജരാകുമെന്ന മറ്റൊരു വിവരം കൂടി പരന്നതോടെ ഏതാനും മാധ്യമപ്രവര്‍ത്തകര്‍ അങ്ങോട്ടും ഓടിപ്പോയി. കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ പാണത്തൂര്‍ വഴി കാഞ്ഞങ്ങാട്ടെത്തുമെന്നാണ് വ്യാപക പ്രചാരണമുണ്ടായത്. വാര്‍ത്ത പരന്നതോടെ പൊലീസുകാരും നെട്ടോട്ടമോടി തുടങ്ങി. അതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ തീരുമാനം അറിയാന്‍ കാത്തുനില്‍ക്കുകയാണെന്നും ജാമ്യാപേക്ഷ തള്ളിയാല്‍ വൈകിട്ടോടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ എത്തുമെന്ന പുതിയ പ്രചാരണവും വന്നതോടെ ആളുകള്‍ കോടതി പരിസരത്തെത്തി. എന്നാല്‍ സന്ധ്യ കഴിഞ്ഞിട്ടും രാഹുല്‍ എത്തിയില്ല. അതിനിടെ പുത്തൂരില്‍ വെച്ച് പ്രത്യേക അന്വേഷണസംഘം രാഹുല്‍ മാങ്കൂട്ടത്തെ കസ്റ്റഡിയിലെടുത്തതായുള്ള പ്രചാരണവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായി.

എന്നാല്‍ ഇതും തെറ്റായ പ്രചാരണമായിരുന്നു. രാഹുല്‍ വരുമെന്ന വിവരം കേട്ട പൊലീസും കോടതി പരിസരത്ത് നിലയുറപ്പിച്ചിരുന്നു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it