കാസര്‍കോട്-കാഞ്ഞങ്ങാട് റോഡില്‍ പുനര്‍നിര്‍മ്മിച്ച കലുങ്കില്‍ വിള്ളല്‍

പാലക്കുന്ന്: കാസര്‍കോട്-ചന്ദ്രിഗിരി- കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ ഉദുമക്കും പാലക്കുന്നിനുമിടയില്‍ പള്ളത്തില്‍ കലുങ്കിനോട് ചേര്‍ന്ന റോഡില്‍ വീണ്ടും വിള്ളല്‍. കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനായിരുന്നു സംസ്ഥാനപാതയില്‍ പള്ളത്തിലെ കലുങ്ക് പൊട്ടി തകര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ടത്. ഏറെ തിരക്കേറിയ പാതയില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ വീണ് അന്ന് അപകടം നടന്നിരുന്നു. ഏതാനും ദിവസത്തിന് ശേഷം കെ.എസ്.ആര്‍.ടി.സി ബസ് റോഡരികിലെ കടയിലേക്ക് പാഞ്ഞു കയറി വീണ്ടും അപകടമുണ്ടായി.

നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധം കടുത്തപ്പോള്‍ സെപ്റ്റംബര്‍ അവസാനത്തോടെ കലുങ്ക് പുനര്‍ നിര്‍മ്മിക്കാന്‍ പൊതു മരാമത്ത് നടപടികള്‍ സ്വീകരിച്ചു. പിറകെ പുനര്‍ നിര്‍മ്മാണം മന്ദഗതിയിലാണെന്ന പരാതിയും ഉയര്‍ന്നു. നിര്‍മ്മാണ പ്രവൃത്തികള്‍ക്കിടെ ജലവാഹിനി കുഴലുകള്‍ പൊട്ടി കുടിവെള്ള വിതരണവും നിലച്ചു. വീട്ടമ്മമാരും സമീപ വാസികളും അന്ന് റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചപ്പോഴാണ് മറുവഴി കണ്ടെത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചത്. നാലു മാസത്തിന് ശേഷമാണ് കലുങ്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കിയത്. അതേ ഇടത്താണ് റോഡില്‍ ഇപ്പോള്‍ കുറുകെ വിള്ളല്‍ വീണിട്ടുള്ളത്. ഓരോ ദിവസം പിന്നിടുമ്പോള്‍ വിള്ളല്‍ കൂടുകയാണെന്നാണ് പരിസര വാസികള്‍ പറയുന്നത്. യഥാസമയം പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ നേരത്തെയുണ്ടായ അനുഭവം ആവര്‍ത്തിക്കുമോ എന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ഭീതി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it