മെറ്റല്‍ ഇറക്കുന്നതിനിടെ ലോറി വൈദ്യുതി കമ്പികളില്‍ കുടുങ്ങി മൂന്ന് തൂണുകള്‍ ഒടിഞ്ഞു

ഒഴിവായത് വന്‍ദുരന്തം

കാഞ്ഞങ്ങാട്: റോഡ് നിര്‍മ്മാണത്തിനുള്ള മെറ്റല്‍ ഇറക്കാനെത്തിയ ടിപ്പര്‍ ലോറിയുടെ പിന്നിലെ ബക്കറ്റ് ഉയര്‍ത്തുന്നതിനിടെ വൈദ്യുതിക്കമ്പികളില്‍ കുടുങ്ങി മൂന്ന് തൂണുകള്‍ ഒടിഞ്ഞു വീണു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാതയില്‍ പൂച്ചക്കാടിനും കല്ലിങ്കാലിനും ഇടയില്‍ സ്‌കൂളിന് സമീപം ഇന്നലെ ഉച്ചക്കാണ് സംഭവം. റോഡ് റീടാറിങ്ങിനുള്ള കരിങ്കല്‍മെറ്റല്‍ ഇറക്കാന്‍ വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ പിന്‍വശം ഉയര്‍ത്തുന്നതിനിടെ ആ ഭാഗം വൈദ്യുതിക്കമ്പികളില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് മൂന്ന് വൈദ്യുതി തൂണുകളും നിലംപൊത്തി. വൈദ്യുതി പ്രവഹിച്ചിരുന്ന കമ്പികളടക്കമാണ് നിലത്തുവീണത്. കമ്പിയില്‍ ഇരുമ്പ് ബക്കറ്റ് മുട്ടിയിരുന്നെങ്കിലും ഭാഗ്യം കൊണ്ടാണ് ദുരന്തം ഒഴിവായത്. കമ്പികള്‍ പൊട്ടിവീണ് ട്രാന്‍സ്ഫോര്‍മറിന് സമീപം റോഡരികിലെ പുല്ലുകളില്‍ തീപടരുകയുമുണ്ടായി. വിവരമറിഞ്ഞ് ഉടന്‍ തന്നെ ചിത്താരി വൈദ്യുതി സെക്ഷന്‍ ഓഫീസ് അധികൃതര്‍ പ്രദേശത്തെ മുഴുവന്‍ വൈദ്യുതിവിതരണവും നിര്‍ത്തിവെക്കുകയായിരുന്നു. കുറച്ച് പ്രദേശമൊഴികെ മറ്റിടങ്ങളില്‍ വൈദ്യുതി വിതരണം പിന്നീട് പുനഃസ്ഥാപിച്ചു. ബാക്കി പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി തകരാര്‍ പരിഹരിക്കും.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it