കുഞ്ഞിക്കണ്ണന്‍ മഡിയന്‍ നായരച്ചന്റെ നിര്യാണം; ഓര്‍മ്മയായത് അനുഷ്ഠാനരംഗത്തെ അഭിജാത സാന്നിധ്യം

കാഞ്ഞങ്ങാട്: ജില്ലയിലെ പ്രമുഖ ദേശക്ഷേത്രങ്ങളിലൊന്നായ മഡിയന്‍ കൂലോത്തെ മഡിയന്‍ നായരച്ചന്‍ സ്ഥാനികനും പാരമ്പര്യ ട്രസ്റ്റിയുമായിരുന്ന വി.എം കുഞ്ഞിക്കണ്ണന്‍ മഡിയന്‍ നായരച്ചന്റെ (92) നിര്യാണത്തോടെ ഓര്‍മ്മയായത് ആചാരാനുഷ്ഠാന രംഗത്തെ അഭിജാത സാന്നിധ്യം. എല്‍.ഐ.സി റിട്ട. സീനിയര്‍ മാനേജര്‍ ആയിരുന്ന ഇദ്ദേഹം 2018 മെയ് 17 ന് തന്റെ 85-ാം വയസിലാണ് മഡിയന്‍ നായരച്ചനായി സ്ഥാനമേറ്റത്. എട്ടര വര്‍ഷത്തെ സാന്നിധ്യം കൊണ്ട് ഇദ്ദേഹം ആചാരാനുഷ്ഠാന രംഗത്ത് പേരെടുത്തു. ഏറെ പ്രത്യേകതകളുള്ള ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടര്‍ന്ന് വരുന്ന മഡിയന്‍കൂലോത്ത് വേളൂര്‍ മലൂര്‍ തറവാട്ടിലെ മുതിര്‍ന്ന അംഗം മഡിയന്‍ നായരച്ചനായും നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ നായരച്ചംവീട് തറവാട്ടിലെ മുതിര്‍ന്ന അംഗം മൂലച്ചേരി നായരച്ചനായുമാണ് അവരോധിക്കപ്പെടുന്നത്. ഇവര്‍ക്കാണ് മഡിയന്‍കൂലോത്തെ ആചാരാനുഷ്ഠാനങ്ങളില്‍ അവസാനവാക്കും പ്രാബല്യവും. ക്ഷേത്രത്തിലെ പാട്ടുത്സവത്തിലും കലശോത്സവത്തിലും പ്രൗഢമായ എഴുന്നള്ളത്തുകളിലുമെല്ലാം ഇവരുടെ സാന്നിധ്യം പരമപ്രധാനമാണ്. 85-ാം വയസില്‍ യാദൃശ്ചികമായി ഈ രംഗത്തെത്തിയ കുഞ്ഞിക്കണ്ണന്‍ മഡിയന്‍ നായരച്ചന്‍ അതിവേഗം ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ അടയാളമായി മാറി. പാരമ്പര്യത്തിന്റെയും ആചാരശുദ്ധിയൂടെയും പ്രതീകമായിരുന്നു ഇദ്ദേഹമെന്ന് ക്ഷേത്രത്തിലെ മഡിയന്‍ കുറുപ്പിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്ന ഉണ്ണി പാലത്തിങ്കാല്‍ അനുസ്മരിച്ചു. മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ക്ഷേത്രത്തില്‍ നടന്നുവരുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെയും നേതൃനിരയിലുണ്ടായിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ക്ഷേത്രം പാരമ്പര്യട്രസ്റ്റി എന്‍.വി കുഞ്ഞിക്കൃഷ്ണന്‍ മൂലച്ചേരി നായരച്ചന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഏരിയാ കമ്മിറ്റി ചെയര്‍മാന്‍ കെ.വി സുരേന്ദ്രന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, വൈസ് പ്രസിഡണ്ട് കെ. സബീഷ് തുടങ്ങിയവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.

മഡിയന്‍ കുറുപ്പിന്റെ കാര്‍മികത്വത്തില്‍ പാരമ്പര്യവിശുദ്ധിയാര്‍ന്ന വേറിട്ട ചടങ്ങുകളോടെ അന്ത്യോപചാര കര്‍മങ്ങള്‍ നടത്തി. മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വെള്ളിക്കോത്ത് മലൂര്‍ തറവാട് വളപ്പില്‍ സംസ്‌കരിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it