കനത്ത മഴയില്‍ മണ്ണ് വയലിലേക്കൊഴുകിയെത്തി; പുല്ലൂരില്‍ അഞ്ചേക്കര്‍ നെല്‍കൃഷി നശിച്ചു

കാഞ്ഞങ്ങാട്: കനത്ത മഴയില്‍ മണ്ണ് വയലിലേക്കൊഴുകിയെത്തി പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ അഞ്ചേക്കര്‍ നെല്‍കൃഷി നശിച്ചു. കൊടവലം, എടമുണ്ട ഭാഗങ്ങളിലാണ് മണ്ണും കല്ലും ഒഴുകിവന്ന് കൃഷി നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. പുല്ലൂര്‍ തോടുമായി ബന്ധപ്പെട്ട കൈ തോടിന്റെ കരയുടെ ഇരുഭാഗവും മറ്റൊരു ഓവുചാലിന്റെ കരയും ഇടിഞ്ഞാണ് വയലിലേക്ക് മണ്ണ് ഒഴുകിയെത്തിയത്. പുറത്തെ മണ്ണും ഒഴുകിയെത്തിയതോടെ വയല്‍ ഏതാണ്ട് പൂര്‍ണ്ണമായും മണ്ണിനടിയിലായി. കര്‍ഷകരുടെ ഒരു മാസത്തെ അധ്വാനമാണ് ഇല്ലാതായത്. ഞാറ്റടികള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലാണ്. പ്രദേശത്തെ 13 കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കിയത്. ജോലിക്ക് ആളെ കിട്ടാത്തതിനാല്‍ ബംഗാളില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ ഉപയോഗിച്ചാണ് ഞാറ് നട്ടത്. ഇനി വയല്‍ പഴയ പടിയിലാക്കാന്‍ ലക്ഷങ്ങള്‍ വേണ്ടിവരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഈ അവസ്ഥ അടുത്ത കൃഷിയെ കൂടി ബാധിക്കുമെന്നാണ് അവര്‍ പറയുന്നത്. വയലിന്റെ ഒരു ഭാഗത്തുള്ള വലിയ വരമ്പും പല ഭാഗത്തായി പൊട്ടിയിട്ടുണ്ട്. ബാക്കിയുള്ള ഭാഗവും ഏതുനിമിഷം പൊട്ടുന്ന അവസ്ഥയിലാണുള്ളത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it