മൂന്നിടങ്ങളില്‍ തീപിടിത്തം; പെരിയാട്ടടുക്കത്ത് ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു

കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനടുത്ത് പഴയ റെയില്‍വെ ഗേറ്റിന് പടിഞ്ഞാര്‍ ഭാഗത്തുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം നടത്തുന്നു
കാഞ്ഞങ്ങാട്: ജില്ലയില്‍ തീപിടിത്തം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം മൂന്നിടത്ത് വന്‍ തീപിടിത്തമുണ്ടായി. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരം, പെരിയാട്ടടുക്കം ടൗണ്‍ പരിസരം, ഇരിയ അയ്യപ്പ ക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. കാഞ്ഞങ്ങാട് പഴയ റെയില്‍വെ ഗേറ്റിന് പടിഞ്ഞാറ് കുറ്റിച്ചെടികള്‍ക്കാണ് തീപിടിച്ചത്. 50 മീറ്റര്‍ അകലെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇവിടേക്ക് തീപടര്‍ന്നിരുന്നുവെങ്കില്‍ വലിയ നാശനഷ്ടമുണ്ടാകുമായിരുന്നു. ഫയര്‍ഫോഴ്സെത്തി തീയണച്ചതിനാല്‍ തീ കൂടുതല്‍ ഭാഗത്തേക്ക് പടര്‍ന്നില്ല. പെരിയാട്ടടുക്കം ദേശീയപാതക്കരികില്‍ സ്വകാര്യവ്യക്തിയുടെ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ടൗണില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ട് നിന്നും ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കറോളം സ്ഥലത്താണ് തീപിടിച്ചത്. മരങ്ങളടക്കം കത്തിനശിച്ചു. ഇരിയ ധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ പറമ്പിലാണ് തീപിടുത്തമുണ്ടായത്. പാറപ്പുറത്തെ ഉണങ്ങിയ പുല്ലുകള്‍ക്കാണ് തീപിടിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീയണച്ചത്.

