കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത പടന്നക്കാട്ട് സി.പി. എം-ബി.ജെ.പി സംഘര്‍ഷം. സി.പി.എം ഏരിയാകമ്മിറ്റിയംഗം സുകുമാരന്‍, ബി.ജെ.പി പ്രവര്ത്തകന് വൈശാഖ് (24) എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ പടന്നക്കാട് കറുന്തൂരിലാണ് സി.പി.എം-ബി.ജെ.പി സംഘര്‍ഷമുണ്ടായത്. സുകുമാരനെ നീലേശ്വരം തേജസ്വിനി സഹകരണാസ്പത്രിയിലും വൈശാഖിനെ സഞ്ജീവനി ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഒരുസംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ സുകുമാരന്റെ വീട്ടില്‍ അതിക്രമിച്ചുകയറി മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം കേന്ദ്രങ്ങള്‍ ആരോപിച്ചു. വൈശാഖിനെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി പഞ്ചുകൊണ്ട് മുഖത്ത് കുത്തിയെന്നാണ് പരാതി. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണമാരംഭിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.