തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തുനിഞ്ഞിറങ്ങി പിണറായി സര്‍ക്കാര്‍. പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ഉയരുമ്പോഴും അന്തിമ അനുമതി തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. പദ്ധതിക്ക് അന്തിമാനുമതി ഉടന്‍ നല്‍കണമെന്നും പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിനു മാത്രമല്ല, രാജ്യത്തിനാകെ ഗുണകരമാകുന്ന പദ്ധതിയാണ് കെ റെയില്‍ എന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിത നിലവാരം ഉയരാനും പദ്ധതി കാരണമാകും. സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം തന്നെ പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി, റെയില്‍വെ മന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അതിവേഗ റെയില്‍ ലൈന്‍ പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. വിശദമായ പഠനത്തിനും വിലയിരുത്തലിനും ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോകൂ. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയിലുണ്ടായിരുന്നതാണ് അതിവേഗ റെയില്‍ പദ്ധതി. കോണ്‍ഗ്രസും ബി.ജെ.പിയും അനാവശ്യമായി പദ്ധതിയെ എതിര്‍ക്കുകയാണെന്നും ഇത്രയും വലിയ പദ്ധതി വരുമ്പോള്‍ ആശങ്ക ഉണ്ടാകുന്നത് സ്വഭാവികമാണെന്നും കാനം വ്യക്തമാക്കി.