ദുരിത ജീവിതം നയിക്കുന്ന ജനാര്‍ദ്ദന നായക്ക് കനിവ് തേടുന്നു

അശോക് നീര്‍ച്ചാല്‍ബദിയടുക്ക: ജനാര്‍ദ്ദന നായക്കിന്റെ ദുരിത ജീവിതം ആര് കാണാന്‍. അധികൃതരുടെ കനിവ് തേടുകയാണ് ജനാര്‍ദ്ദന.മേല്‍ക്കൂര തകര്‍ന്ന്, വെയിലും മഴയുമേല്‍ക്കാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയ കൂരയിലാണ് അന്തിയുറക്കമെങ്കിലും ജനാര്‍ദ്ദന ലൈഫ് ഭവന പദ്ധതിയില്‍ ഇടം പിടിച്ചിട്ടില്ല. ഭവന പദ്ധതിയുടെ ധനസഹായത്തിന് അര്‍ഹതയുണ്ടായിട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ജനാര്‍ദ്ദനയുടെ വീട് വാസയോഗ്യമാണെന്നായിരുന്നു അതോടെ ലൈഫ് ഭവന പദ്ധതിയിലെ പ്രതീക്ഷയും നഷ്ടപ്പെട്ടു. ബദിയടുക്ക പഞ്ചായത്തിലെ പത്താം വാര്‍ഡ് ബാറഡുക്ക കനക്കപ്പാടിയിലെ ജനാര്‍ദ്ദന നായക്കാണ് ഇരുവൃക്കകളും തകര്‍ന്ന് ജീവിതത്തോട് മല്ലടിച്ച് […]

അശോക് നീര്‍ച്ചാല്‍
ബദിയടുക്ക: ജനാര്‍ദ്ദന നായക്കിന്റെ ദുരിത ജീവിതം ആര് കാണാന്‍. അധികൃതരുടെ കനിവ് തേടുകയാണ് ജനാര്‍ദ്ദന.
മേല്‍ക്കൂര തകര്‍ന്ന്, വെയിലും മഴയുമേല്‍ക്കാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയ കൂരയിലാണ് അന്തിയുറക്കമെങ്കിലും ജനാര്‍ദ്ദന ലൈഫ് ഭവന പദ്ധതിയില്‍ ഇടം പിടിച്ചിട്ടില്ല. ഭവന പദ്ധതിയുടെ ധനസഹായത്തിന് അര്‍ഹതയുണ്ടായിട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ജനാര്‍ദ്ദനയുടെ വീട് വാസയോഗ്യമാണെന്നായിരുന്നു അതോടെ ലൈഫ് ഭവന പദ്ധതിയിലെ പ്രതീക്ഷയും നഷ്ടപ്പെട്ടു. ബദിയടുക്ക പഞ്ചായത്തിലെ പത്താം വാര്‍ഡ് ബാറഡുക്ക കനക്കപ്പാടിയിലെ ജനാര്‍ദ്ദന നായക്കാണ് ഇരുവൃക്കകളും തകര്‍ന്ന് ജീവിതത്തോട് മല്ലടിച്ച് കഴിയുന്നത്. അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള ഒരു കൊച്ചു വീടെന്ന സ്വപ്‌നവും പേറി.
36 വര്‍ഷം മുമ്പാണ് കുടുംബ സ്വത്തായി ലഭിച്ച സ്ഥലത്ത് ചെറിയൊരു വീട് പണിതത്. കാലപഴക്കം മൂലം വീട് തകര്‍ച്ചയുടെ വക്കിലാണ്. പട്ടിക വര്‍ഗ്ഗ മറാഠി സമുദായത്തില്‍പ്പെട്ട വീടിനുള്ള ധനസഹായത്തിന് പഞ്ചായത്ത് ഓഫീസിന്റെ പടി പലവട്ടം കയറിയിട്ടും ഫലമുണ്ടായില്ല.
കഴിഞ്ഞ കാലവര്‍ഷത്തിലുണ്ടായ ശക്തമായ കാറ്റില്‍ മരം വീണ് വീട് ഭാഗീകമായി തകര്‍ന്നു. ചുമരുകള്‍ക്ക് വിള്ളലുണ്ടായി. റവന്യു വകുപ്പ് വഴി ലഭിക്കുന്ന ധനസഹായത്തിന് അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ല. നിലവില്‍ വീട് പൂര്‍ണമായും നിലം പതിക്കുമെന്ന സ്ഥിതിയിലാണ്. ഭയമുള്ളതിനാല്‍ വരാന്തയിലാണ് കഴിയുന്നത്. എട്ട് വര്‍ഷം മുമ്പ് ജനാര്‍ദ്ദനയുടെ ഭാര്യ തീപൊള്ളലേറ്റ് മരിച്ചിരുന്നു. കൂലിത്തൊഴിലാളിയായിരുന്ന ജനാര്‍ദ്ദനക്ക് നാല് പെണ്‍മക്കളാണ്. അവരെയെല്ലാം വിവാഹം കഴിച്ച് വിട്ടു. 65 വയസുള്ള ജനാര്‍ദ്ദന തനിച്ചാണ് താമസിക്കുന്നത്. അസുഖം മൂലം വലയുന്ന അദ്ദേഹത്തിന് മരുന്നിന് പോലും വകയില്ല. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന 1600 രൂപ പെന്‍ഷനാണ് ഏക ആശ്രയം.
അനര്‍ഹര്‍ പോലും ലൈഫ് ഭവന പദ്ധതിയില്‍ ഇടം പിടിക്കുമ്പോള്‍ അര്‍ഹതയുള്ള ഇത്തരം ഒട്ടനവധി കുടുംബങ്ങളാണ് പട്ടികയില്‍ നിന്നും പുറത്താകുന്നത്. ഈ വയോധികനെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാന്‍ അധികൃതര്‍ കണ്ണ് തുറക്കണമെന്നാണ് ആവശ്യം.

Related Articles
Next Story
Share it