കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ആക്രിക്കടയില്‍ കവര്‍ച്ച. മൂന്നുലക്ഷം രൂപയുടെ സാമഗ്രികള്‍ കവര്‍ന്നു. പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ദേശീയപാതയോരത്ത് മലബാര്‍ ഗോള്ഡിന് സമീപം പ്രവര്‍ത്തിക്കുന്ന മൊഗ്രാലിലെ സിദ്ദിഖിന്റെ ഉടമസ്ഥയിലുള്ള ആക്രിക്കടയിലാണ് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെയാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. മുന്‍ ഭാഗത്തെ ഷട്ടര്‍ പൂട്ട് തകര്‍ത്ത നിലയിലാണ്. ഷട്ടര്‍ ഉയര്‍ത്തുന്ന ഭാഗത്ത് പേപ്പര്‍ തള്ളിയ നിലയിലാണ്. ഇത് വിരലടയാളം പതിയാതിരിക്കാനാണെന്ന് സംശയിക്കുന്നു. അകത്ത് സൂക്ഷിച്ചിരുന്ന അലുമിനിയം, ചെമ്പ്, പിത്തള സാമഗ്രികളും ബാറ്ററികളും ഉള്‍പ്പെടെയുള്ളവയാണ് കവര്‍ന്നത്. ലോക് ഡൗണിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി കട അടച്ചിട്ടിരിക്കുകയാണ്.
കട ഉടമ ഇടക്കിടെ വന്ന് നോക്കും. ഇന്ന് രാവിലെ എത്തിയപ്പോഴാണ് കവര്‍ച്ച അറിയുന്നത്. വിവരമറിഞ്ഞ് കാസര്‍കോട് എസ്.ഐ. ഷേക്ക് അബ്ദുല്‍റസാഖിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി പരിശോധന നടത്തി. അതേസമയം ആക്രിക്കടകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ചകള്‍ പെരുകുകയാണെന്നും പൊലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടും വേണ്ട നടപടിയുണ്ടാകുന്നില്ലെന്നും ഇന്‍ഡിപെന്റന്‍സ് സ്ക്രാപ് മര്‍ച്ചന്റ്സ് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ചെമനാട് പറഞ്ഞു.