മലയാളത്തിലെ ആക്ഷന്‍ ഹീറോ ഓര്‍മ്മയായിട്ട് 42 വര്‍ഷം

സ്‌ക്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ സിനിമ ഹരമായിരുന്നു. അന്നത്തെ മിലന്‍, ഗീത, കൃഷ്ണ തിയേറ്റുകളിലേക്ക് ഓടിയിരുന്നത് ഞങ്ങളുടെ ആക്ഷന്‍ ഹീറോ ആയിരുന്ന ജയന്റെ സിനിമകള്‍ കാണാനായിരുന്നു. രണ്ട് രൂപ മുതല്‍ പത്ത് രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. സിനിമ തുടങ്ങുന്നതിന് മുമ്പേ തിയേറ്ററില്‍ എത്തും. ബഹു വര്‍ണ്ണ പോസ്റ്ററുകളെല്ലാം നോക്കും. സിനിമ കാണുന്നതിന് മുമ്പേ പോസ്റ്ററുകളിലുള്ള ചിത്രങ്ങള്‍ നോക്കും. സ്‌ക്കൂള്‍ പഠനകാലത്തായിരുന്നു മലയാള സിനിമയെ അനാഥമാക്കിയും ഞങ്ങളെ നിരാശയിലാക്കിയും ജയന്‍ കടന്നു പോയത്. ജയന്റെ മരണ ശേഷം […]

സ്‌ക്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ സിനിമ ഹരമായിരുന്നു. അന്നത്തെ മിലന്‍, ഗീത, കൃഷ്ണ തിയേറ്റുകളിലേക്ക് ഓടിയിരുന്നത് ഞങ്ങളുടെ ആക്ഷന്‍ ഹീറോ ആയിരുന്ന ജയന്റെ സിനിമകള്‍ കാണാനായിരുന്നു. രണ്ട് രൂപ മുതല്‍ പത്ത് രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. സിനിമ തുടങ്ങുന്നതിന് മുമ്പേ തിയേറ്ററില്‍ എത്തും. ബഹു വര്‍ണ്ണ പോസ്റ്ററുകളെല്ലാം നോക്കും. സിനിമ കാണുന്നതിന് മുമ്പേ പോസ്റ്ററുകളിലുള്ള ചിത്രങ്ങള്‍ നോക്കും. സ്‌ക്കൂള്‍ പഠനകാലത്തായിരുന്നു മലയാള സിനിമയെ അനാഥമാക്കിയും ഞങ്ങളെ നിരാശയിലാക്കിയും ജയന്‍ കടന്നു പോയത്. ജയന്റെ മരണ ശേഷം അദ്ദേഹം അഭിനയിച്ച സിനിമകളെല്ലാം ബോക്‌സോഫീസില്‍ പണം വാരിക്കൂട്ടി. ജയന്‍ മരിച്ചിട്ടില്ല അമേരിക്കയിലുണ്ടെന്ന് വരെ പ്രചരണം നടന്നു. എന്തിനേറേ പറയുന്നു ഇതും വെച്ച് പുസ്തകവും പ്രചരണത്തിനെത്തിയിരുന്നു.
ജയന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. പ്രേം നസീര്‍, മധു, സോമന്‍, സുകുമാരന്‍, രാഘവന്‍, വിന്‍സെന്റ്, സുധീര്‍, മോഹന്‍, രവികുമാര്‍, കമലഹാസന്‍... അന്ന് നായക വേഷം കെട്ടിയിരുന്ന ഇവരെല്ലാവരുടെയും പ്രതിനായകനായിരുന്നു ജയന്‍. പക്ഷേ ജയന്റെ വില്ലന്മാര്‍ പലപ്പോഴും പ്രേക്ഷകരുടെ കയ്യടി ഏറ്റുവാങ്ങിയിരുന്നു. അത് ജയന്റെ പ്രത്യേക രീതിയിലുള്ള അഭിനയ ശൈലികൊണ്ടും ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നതു കൊണ്ടുമായിരുന്നു. കൃഷ്ണന്‍ നായര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. 'പോസ്റ്റുമാനെ കാണാനില്ല' എന്ന സിനിമയിലാണ് ജയന്‍ എന്ന പേര് സ്വീകരിച്ചത്.
കൊല്ലം തേവള്ളി സ്വദേശിയായ ജയന്‍ നേവിയിലെ ജോലി രാജി വെച്ചായിരുന്നു സിനിമയിലെത്തുന്നത്. ധീരത, മെയ്ക്കരുത്ത്, പെരുമാറ്റത്തിലെ വിനയം, വശ്യമാര്‍ന്ന ചിരി തുടങ്ങി പൗരുഷത്തിന്റെ പ്രതിരൂപമായിരുന്ന ഈ നായക സങ്കല്‍പത്തെ മലയാളികള്‍ നെഞ്ചേറ്റി. സിനിമയോടുള്ള ആത്മാര്‍ത്ഥ സമീപനമായിരുന്നു ഈ നടന്റെ വളര്‍ച്ചയുടെ ശക്തി. ശാപമോക്ഷത്തില്‍ തുടക്കം കുറിച്ച ജയന്‍ തച്ചോളി അമ്പുവില്‍ ഉപനായക വേഷം ചെയ്തു. അന്നത്തെ നായകന്‍മാരെ വെല്ലുന്ന 'ഹോട്ട് ഹീറോ' ആകാന്‍ ജയന് പെട്ടന്ന് കഴിഞ്ഞു. ഐ.വി.ശശി സംവിധാനം ചെയ്ത അങ്ങാടിയിലെ അഭ്യസ്തവിദ്യനായ ചുമട്ട് തൊഴിലാളി ബാബുവിന്റെ വേഷം ജയന്‍ അനശ്വരമാക്കി. ഈ ചിത്രം തീര്‍ത്ത തരംഗം ദീര്‍ഘകാലം മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. ജയനോടൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച നായകനടന്‍ പ്രേംനസീറായിരുന്നു. സീമയായിരുന്നു ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച നായിക. പതിനാറോളം ചിത്രങ്ങളില്‍. ശാരദ, ഷീല, ജയഭാരതി, ശ്രീവിദ്യ, വിധു ബാല, ഭവാനി, സറീന വഹാബ്, നന്ദിതാ ബോസ്, ശോഭന, ശുഭ, ജയമാലിനി എന്നിവര്‍ നായികമാരായി. കുഞ്ചാക്കോ, കെ.എസ്.സേതുമാധവന്‍, അപ്പച്ചന്‍, ശ്രീകുമാരന്‍ തമ്പി, ഐ.വി.ശശി, ജോഷി, പി.ജി.വിശ്വംഭരന്‍, വിന്‍സെന്റ്, ബേബി, ബോബന്‍ കുഞ്ചാക്കോ, വിജയാനന്ദ്, ആരിഫ ഹസ്സന്‍ തുടങ്ങിയവരാണ് ജയന്റെ സിനിമ ചെയ്ത പ്രധാന സംവിധായകര്‍. ജയന്റെ ഏറ്റവും കൂടുതല്‍ സിനിമകള്‍ റിലീസ് ചെയ്ത വര്‍ഷം 1978. 30സിനിമകള്‍. അങ്ങാടി സിനിമ തിയേറ്ററുകളില്‍ ഓടിയത് 125 ദിവസം. 1980ല്‍ മഹേന്ദ്രന്‍ സംവിധാനം ചെയ്ത ഏക തമിഴ് ചിത്രം പൂട്ടാത്ത പൂട്ടുകള്‍. ഇനിയുമുണ്ട് ഈ നടന്റെ അഭിനയ ജീവിതത്തിലെ നിരവധി പ്രത്യേകതകള്‍. സാഹസിക രംഗങ്ങളോട് അടങ്ങാത്ത ആവേശമായിരുന്നു ജയന്. സംവിധായകര്‍ നിര്‍ബന്ധിച്ചാലും ഡ്യൂപ്പില്ലാതെ അഭിനയിക്കും. ആ നിര്‍ബന്ധമായിരുന്നു 42-ാമത്തെ വയസില്‍ 1980 നവംബര്‍ 16ന് മദ്രാസിലെ (ചെന്നൈ) ഷോലാപുരത്തെ പി.എന്‍ സുന്ദരം സംവിധാനം ചെയ്ത 'കോളിളക്കം' സിനിമയില്‍ ഹെലികോപ്റ്ററില്‍ തൂങ്ങി സാഹസിക രംഗത്തില്‍ അഭിനയിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കത്തിയമര്‍ന്നത്. സിനിമയുടെ പേര് പോലെ തന്നെ മലയാള സിനിമയില്‍ ഈ നടന്റെ അപകട മരണം വലിയ 'കോളിളക്ക'മുണ്ടാക്കി. കാലം എത്ര മറഞ്ഞാലും മലയാളത്തിലെ ആക്ഷന്‍ ഹീറോയേ പ്രേക്ഷകര്‍ മറക്കില്ല.

-ഷാഫി തെരുവത്ത്‌

Related Articles
Next Story
Share it