ബാംബോലിം: കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായി ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച ഗോവയ്ക്കെതിരെ. പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്ത് തുടരുന്ന ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങളില്‍ വിജയം അനിവാര്യമാണ്. ജി.എം.സി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
ആദ്യ പാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗോവയോട് തോറ്റ ബ്ലാസ്റ്റേഴ്സിന് മറുപടി നല്‍കാനുള്ള അവസരം കൂടിയാണ് നാളത്തെ മത്സരം. ആദ്യപാദത്തില്‍ ബെംഗളൂരുവിനോട് രണ്ടിനെതിരെ നാലിന് ഗോളിന് തോറ്റ കേരളം കഴിഞ്ഞ മത്സരത്തില്‍ ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയില്‍ ഇരട്ടഗോളുകളുമായി തിരിച്ചടിക്കുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ മലയാളി താരം രാഹുല്‍ കെ പിയായിരുന്നു വിജയഗോള്‍ നേടിയത്.
നാളത്തെ മത്സരം ജയിച്ചാല്‍ 13 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറാന്‍ സാധിക്കും. അതേസമയം പ്രതിരോധത്തിലെ വിള്ളലുകളാണ് പലപ്പോഴും ടീമിന് വിനയാകുന്നത്. പന്ത്രണ്ട് മത്സരങ്ങളില്‍ നിന്ന് ഇരുപത്തിയൊന്ന് ഗോളുകളാണ് കേരളം വഴങ്ങിയത്. പന്ത്രണ്ട് മത്സരങ്ങളില്‍ 19 പോയിന്റുള്ള എഫ്സി ഗോവ മൂന്നാം സ്ഥാനത്താണ്.