ടെഹ്‌റാന്‍: സിറിയയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റെവലൂഷ്യണറി ഗാര്‍ഡിന്റെ മുതിര്‍ന്ന സൈനിക ജനറല്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ഇസ്‌ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സി(ഐ.ആര്‍.ജി.സി)ന്റെ വിദേശവിഭാഗമായ ക്വാഡ്‌സ് ഫോഴ്‌സിന്റെ ഏറ്റവും കൂടുതല്‍ പ്രവൃത്തിപരിചയമുള്ള ഉപദേശകരില്‍ ഒരാളായ റാസി മൗസവിയാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റാസിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തിയ ഇറാന്‍ പ്രസിഡണ്ട് ഇബ്രാഹിം റൈസി, ഇസ്രയേല്‍ ഈ കുറ്റത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡമാസ്‌കസിന്റെ പ്രാന്തപ്രദേശമായ സെയ്‌നാബിയ ജില്ലയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഇറാന്‍ സൈനിക ജനറല്‍ കൊല്ലപ്പെട്ടതെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. റാസി മിസൈല്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും ഐ.ആര്‍.ജി.സി അറിയിച്ചു. സിറിയയില്‍ ഇറാന്‍ സൈന്യത്തിന്റെ വിപുലീകരണം അനുവദിക്കില്ലെന്ന ഉറച്ച നിലപാട് ഇസ്രയേല്‍ തുടരുന്നതിനിടെയാണ് സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെട്ടത്.
മൂന്നു മിസൈലുകളാണ് മൗസവിയെ ലക്ഷ്യം വെച്ചെത്തിയതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമം അറിയിച്ചു. ആക്രമണം അരങ്ങേറിയ സ്ഥലത്തു നിന്ന് പുകപടലങ്ങള്‍ ഉയരുന്നതിന്റെ ദൃശ്യം ഇവര്‍ പുറത്തുവിട്ടു. പ്രദേശത്തുനിന്ന് വലിയ സ്‌ഫോടനശബ്ദം ഉയര്‍ന്നെന്നും കനത്ത പുക ഉയര്‍ന്നെന്നും പ്രദേശവാസികള്‍ പറഞ്ഞു.