ടെഹ്‌റാന്‍: അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത 27കാരനും 33കാരിക്കും വധശിക്ഷ വിധിച്ച് ഇറാനിയയന്‍ കോടതി. യുവാവിന്റെ ഭാര്യാ പിതാവ് മാപ്പ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഇരുവര്‍ക്കും കോടതി വധശിക്ഷ വിധിച്ചത്. യുവാവിന്റെ ഭാര്യ ഇരുവര്‍ക്കും മാപ്പ് നല്‍കുകയും അവരെ മരണശിക്ഷയില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെങ്കിലും ഭാര്യ പിതാവ് മാപ്പ് നല്‍കാന്‍ തയ്യാറായില്ല.
ഇറാനിലെ നിയമമനുസരിച്ച് എത്ര വലിയ കുറ്റകൃത്യം ചെയ്താലും ഇരയുടെ കുടുംബം ക്ഷമിച്ചാല്‍ വധ ശിക്ഷ ഒഴിവാക്കി വെറുതെ വിടുകയോ അല്ലെങ്കില്‍ ജയില്‍ ശിക്ഷയായി കുറയ്ക്കുകയോ ചെയ്യാം. 1979 മുതല്‍ ഇറാനില്‍ നില്‍ക്കുന്ന ശരീഅത്ത് നിയമത്തിന്റെ വ്യാഖ്യാനമനുസരിച്ച് അവിഹിതബന്ധം നടത്തി പിടിയിലായവരെ കല്ലെറിഞ്ഞു കൊല്ലുക എന്നതാണ് ശിക്ഷാവിധി. എന്നാല്‍, 2013-ല്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്തി, മറ്റൊരു വിധത്തില്‍ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള അധികാരം ജഡ്ജിമാര്‍ക്ക് നല്‍കുകയായിരുന്നു. സാധാരണയായി തൂക്കിക്കൊല്ലുകയാണ് ഇപ്പോഴത്തെ പതിവ്.