എസ്.കെ അബ്ദുല്ല ഗദ്ഗദത്തോടെ ഓര്‍ക്കുന്നു, ലേക്‌ഷോറില്‍ ഇന്നസെന്റിന്റെ അവസാന നാളുകള്‍

കൊച്ചി: നിറചിരി ബാക്കിയാക്കി, മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി നടന്‍ ഇന്നസെന്റ് യാത്രയായപ്പോള്‍ അദ്ദേഹത്തിന്റെ ആസ്പത്രിവാസകാലം ഗദ്ഗദത്തോടെ ഓര്‍ത്തെടുക്കുകയാണ് കൊച്ചിയിലെ വി.പി.എസ് ലേക്‌ഷോര്‍ ആസ്പത്രി എം.ഡിയായ കാസര്‍കോട് സ്വദേശി അഡ്വ. എസ്.കെ അബ്ദുല്ല. കഴിഞ്ഞ കുറേ ദിവസമായി ഇന്നസെന്റിനൊപ്പം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ച് എസ്.കെ അബ്ദുല്ലയും ഉണ്ടായിരുന്നു. ഇന്നലെ ഇന്നസെന്റിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി നിത്യനിദ്രയിലേക്ക് ആണ്ടിറങ്ങുമ്പോഴും തൊട്ടരികില്‍ മെഡിക്കല്‍ ടീമിനൊപ്പം എസ്.കെ. അബ്ദുല്ലയും ഉണ്ടായിരുന്നു.2013 മുതല്‍ അര്‍ബുദ രോഗിയായ ഇന്നസെന്റ് ചികിത്സ തേടിയത് ലേക്‌ഷോര്‍ ആസ്പത്രിയിലാണ്. ഡോ. ഗംഗാധരന്റെ […]

കൊച്ചി: നിറചിരി ബാക്കിയാക്കി, മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി നടന്‍ ഇന്നസെന്റ് യാത്രയായപ്പോള്‍ അദ്ദേഹത്തിന്റെ ആസ്പത്രിവാസകാലം ഗദ്ഗദത്തോടെ ഓര്‍ത്തെടുക്കുകയാണ് കൊച്ചിയിലെ വി.പി.എസ് ലേക്‌ഷോര്‍ ആസ്പത്രി എം.ഡിയായ കാസര്‍കോട് സ്വദേശി അഡ്വ. എസ്.കെ അബ്ദുല്ല. കഴിഞ്ഞ കുറേ ദിവസമായി ഇന്നസെന്റിനൊപ്പം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ച് എസ്.കെ അബ്ദുല്ലയും ഉണ്ടായിരുന്നു. ഇന്നലെ ഇന്നസെന്റിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി നിത്യനിദ്രയിലേക്ക് ആണ്ടിറങ്ങുമ്പോഴും തൊട്ടരികില്‍ മെഡിക്കല്‍ ടീമിനൊപ്പം എസ്.കെ. അബ്ദുല്ലയും ഉണ്ടായിരുന്നു.
2013 മുതല്‍ അര്‍ബുദ രോഗിയായ ഇന്നസെന്റ് ചികിത്സ തേടിയത് ലേക്‌ഷോര്‍ ആസ്പത്രിയിലാണ്. ഡോ. ഗംഗാധരന്റെ കീഴിലായിരുന്നു ചികിത്സ. ചെക്കപ്പിനും മറ്റുമായി ഇന്നസെന്റ് കൂടെക്കൂടെ ആസ്പത്രിയില്‍ എത്തും. അപ്പോഴൊക്കെ ആദ്യം വിളിച്ചിരുന്നത് എസ്.കെ. അബ്ദുല്ലയെയാണ്. അന്ന് ലേക്‌ഷോറിന്റെ സി.ഇ.ഒ ആയിരുന്നു എസ്.കെ അബ്ദുല്ല. അര്‍ബുദ രോഗത്തിന്റെ പിടിയിലമര്‍ന്ന ഒരു രോഗിയുടെ ഭാവങ്ങളൊന്നുമില്ലാതെ എല്ലാവരേയും ചിരിപ്പിച്ചുകൊണ്ടാണ് ഇന്നസെന്റിന്റെ വരവ്. ഡോക്ടര്‍മാരേയും നഴ്‌സുമാരേയും പോലും ഒരോ നിമിഷവും അദ്ദേഹം ചിരിപ്പിക്കും. കുറഞ്ഞത് ആറ് മാസം കൂടുമ്പോഴെങ്കിലും ഇന്നസെന്റ് ലേക്‌ഷോറില്‍ എത്തിയിരുന്നു. ചെക്കപ്പും മറ്റും കഴിഞ്ഞ് ഏറെ നേരം ആസ്പത്രിയില്‍ ചെലവഴിച്ചാണ് മടങ്ങുക. ഏറ്റവും ഒടുവില്‍ അദ്ദേഹം ആസ്പത്രിയില്‍ എത്തിയത് മാര്‍ച്ച് മൂന്നിനാണ്. അതിന് ശേഷം അദ്ദേഹം മടങ്ങിയിട്ടില്ല. ഏതാനും ദിവസത്തെ ചികിത്സക്ക് ശേഷം നിലവഷളായി ഐ.സി.യു.വിലേക്ക് മാറ്റേണ്ടിവന്നുവെങ്കിലും കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ആരോഗ്യനില തൃപ്തികരമായി ഇന്നസെന്റിനെ മുറിയിലേക്ക് മാറ്റി.
'ഇന്നസെന്റിന്റെ മുറിയില്‍ ഞാന്‍ ഇടയ്ക്കിടെ ചെല്ലും. എന്നെ കണ്ടില്ലെങ്കില്‍ ഡോക്ടര്‍മാരോടോ നേഴ്‌സുമാരോടോ അന്വേഷിക്കുമായിരുന്നു. ഞാന്‍ ചെല്ലുമ്പോഴൊക്കെ ഭാര്യ ആലീസും ഒന്നിച്ചുണ്ടാകും. എന്നെ ചൂണ്ടിക്കാട്ടി ആലീസിനോട് പറയും, നമ്മുടെ എം.ഡി വന്നല്ലോ എന്ന്. ആരോഗ്യവിവരം തിരക്കി ഞാന്‍ മടങ്ങാനൊരുങ്ങിയാല്‍ ഇന്നസെന്റ് പിന്നേയും അവിടെ ഇരുത്തും. കുറേ തമാശ പറയും. എന്റെ ഗള്‍ഫ് കാലജീവിതം ചോദിച്ചറിയും. എന്‍.എം.സിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തെ കുറിച്ചൊക്കെ ഞാന്‍ അദ്ദേഹത്തോട് വിവരിക്കുമായിരുന്നു'- കാസര്‍കോട് സ്വദേശിയും പുലിക്കുന്ന് ജുമാമസ്ജിദിന് സമീപം താമസക്കാരനുമായ എസ്.കെ. അബ്ദുല്ല പറഞ്ഞു.
ഒരാഴ്ച മുമ്പാണ് ഇന്നസെന്റിന്റെ ആരോഗ്യാവസ്ഥ കൂടുതല്‍ വഷളായി തുടങ്ങിയത്. ലങ്‌സിനായിരുന്നു കാര്യമായ പ്രശ്‌നം. ഡോ. ഹരിലാല്‍ കൃഷ്ണയും ഡോ. ആനന്ദ്കുമാറും ഡോ. വിജയയും അടങ്ങിയ മെഡിക്കല്‍ ടീം അദ്ദേഹത്തെ നിരന്തരം നിരീക്ഷിക്കാന്‍ തുടങ്ങി. വെന്റിലേറ്ററിലും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിതുടങ്ങിയതോടെ ഡോ. സുജിത്തിന്റെയും ഡോ. നെബുവിന്റെയും മേല്‍നോട്ടത്തില്‍ എക്മ്‌കോ മെഷീന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയിലായിരുന്നു അവസാന ദിവസങ്ങളില്‍. എന്നാല്‍ ഇന്നലെ രാത്രി പത്ത് മണിയോടെ നില കൂടുതല്‍ വഷളാവുകയും മെഡിക്കല്‍ ടീം യോഗം ചേര്‍ന്ന് 10.30ഓടെ ആ മഹാനടന്റെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
ഈ സമയത്ത് മന്ത്രിമാരായ പി. രാജീവും ആര്‍. ബിന്ദുവും സജി ചെറിയാനുമൊക്കെ മെഡിക്കല്‍ ടീമിനൊപ്പം തന്നെയുണ്ടായിരുന്നു. ഇന്നസെന്റിന്റെ മുറിയില്‍ മമ്മൂട്ടിയും ദിലീപും ജയറാമും സംവിധായകരും അടക്കമുള്ളവരും എത്തിയിരുന്നു. ഇന്ന് രാവിലെ 7.45ഓടെയാണ് മൃതദേഹം ആസ്പത്രിയില്‍ നിന്ന് കൊണ്ടുപോയത്. സിദ്ദീഖും ബാബുരാജും അടക്കമുള്ളവര്‍ രാവിലെ ആസ്പത്രിയില്‍ എത്തിയിരുന്നു. നേരത്തെ രണ്ടുതവണ മോഹന്‍ലാല്‍ തന്നെ വിളിച്ച് ഇന്നസെന്റിന്റെ ആരോഗ്യ സ്ഥിതി തിരക്കിയിരുന്നതായും എസ്.കെ. അബ്ദുല്ല ഉത്തരദേശത്തോട് പറഞ്ഞു.

ടി.എ ഷാഫി

Related Articles
Next Story
Share it