ബൈന്തൂര്‍: കര്‍ണാടകയിലെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിനുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന മത്സ്യബന്ധന, തുറമുഖ, ഉള്‍നാടന്‍ ജലഗതാഗത മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ എന്നീ ആശയങ്ങള്‍ മത്സ്യബന്ധനമേഖലയിലും നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഉദ്ഘാടനത്തിനായി സജ്ജീകരിച്ച തീരദേശ പരമ്പരാഗത മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ നവണ്ട ബ്രാഞ്ച് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൊത്തം 22,500 യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകള്‍ സംസ്ഥാന തീരത്ത് പ്രവര്‍ത്തിക്കുന്നു. വലിയ ബോട്ടുകള്‍ക്ക് 350 എച്ച്പി വരെ വ്യത്യസ്ത ശ്രേണികളുണ്ട്. അവയില്‍ തൊണ്ണൂറു ശതമാനവും ചൈന നിര്‍മ്മിച്ചവയാണ്. ബാക്കിയുള്ളവ ജപ്പാനും മറ്റ് രാജ്യങ്ങളും നിര്‍മ്മിച്ച എഞ്ചിനുകളാണ്. മത്സ്യത്തൊഴിലാളികള്‍ തദ്ദേശീയ ഉല്പന്നങ്ങള് ഉപയോഗിക്കാന്‍ താത്പര്യമുള്ളവരാണ്. ഇതിന്റെ ഭാഗമായി മഹേന്ദ്ര കിര്ലോസ്കറുടെയും മറ്റുള്ളവരുടെയും യോഗം ബംഗളൂരുവില്‍ വിളിച്ചുചേര്‍ത്തു. അവിടെ ഉയര്‍ന്ന നിലവാരമുള്ളതും മത്സരാധിഷ്ഠിതവുമായ എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ ഈ കമ്പനികള്‍ സമ്മതിച്ചു. കൊച്ചി കപ്പല്‍ശാലയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ സഹായവും തേടിയിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ മോഡല്‍ എഞ്ചിനുകള്‍ തയ്യാറാക്കുമെന്നും ഇതിന്റെ പ്രദര്‍ശനം നടത്താമെന്ന് കമ്പനികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.